snake-bite

കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടി യുവാവ്. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള 39 വയസ്സുകാരനായ ഇ-റിക്ഷാ ഡ്രൈവർ ദീപക്കാണ് തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെ ജാക്കറ്റിന്റെ പോക്കറ്റിലിട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് ദീപക്കിന് പാമ്പ് കടിയേറ്റത്. തുടർന്ന് ആന്റി-വെനം ഇൻജക്ഷൻ എടുക്കുന്നതിനായി ഇയാൾ ആശുപത്രിയിലെത്തി. ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍, പോക്കറ്റിൽ നിന്ന് ജീവനുള്ള പാമ്പിനെ പുറത്തെടുത്ത് കാണിച്ച ശേഷം തിരികെ പോക്കറ്റിൽ തന്നെ വെക്കുകയായിരുന്നു.

പാമ്പ് മറ്റ് രോഗികളുടെ ജീവന് ഭീഷണിയാണെന്നും അതിനാൽ അതിനെ പുറത്ത് വിടണമെന്നും ചീഫ് മെഡിക്കൽ സൂപ്രണ്ട് നീരജ് അഗർവാൾ ആവശ്യപ്പെട്ടു. പിന്നീട് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയും അവർ എത്തി പാമ്പിനെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. 

ആശുപത്രിയിൽ സൗകര്യങ്ങൾ കുറവാണെന്ന് ദീപക് ആരോപിച്ചു. അതേസമയം, ഈ പാമ്പിനെ ദീപക് തന്നെ വളർത്തുന്നതാണോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്ക് സംശയമുണ്ട്. 

ENGLISH SUMMARY:

Snake bite treatment was sought by a man who carried the snake that bit him to the hospital. The 39-year-old e-rickshaw driver from Mathura, Uttar Pradesh, arrived at the district hospital with the 1.5-foot-long snake in his jacket pocket.