ക്രെഡിറ്റ്: ഫെയ്സ്ബുക്ക്/വി.ശിവന്‍കുട്ടി
സംസ്ഥാന സ്കൂള്‍ കലോല്‍സവം അതിന്‍റെ മൂന്നാം ദിവത്തിലേക്ക് കടക്കുകയാണ്. കലോല്‍സവത്തിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തുടര്‍ച്ചയായി തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയും പങ്കിടുന്നുണ്ട്. തല്‍സമയ ദൃശ്യങ്ങളും കലോല്‍സവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനങ്ങളും മറ്റ് അപ്ഡേറ്റ്സും എല്ലാം ഇതില്‍പ്പെടുന്നു. അക്കൂട്ടത്തില്‍ ഉദ്ഘാടന സമ്മേളനത്തിന്‍റെ ചിത്രങ്ങളുമുണ്ട്. 'സര്‍വം മായ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ 'ഡെലുലു'വിനെ അവതരിപ്പിച്ച റിയ ഷിബുവായിരുന്നു ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ടാതിഥി. റിയയുമായുള്ള ചിത്രവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം.വിജയനുമുണ്ടായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വിമര്‍ശനങ്ങളുമായി നെറ്റിസണ്‍സും രംഗത്തെത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന് റിയയ്ക്ക് പിന്നില്‍ ഇരിപ്പിടം നല്‍കിയതാണ് നെറ്റിസന്‍സിനെ ചൊടിപ്പിച്ചത്. ‘ഡെലുലു വുമൊത്ത്...’ എന്ന് കുറിച്ചാണ് വിദ്യാഭ്യാസ മന്ത്രി ചിത്രം പങ്കുവച്ചത്. ‘റിയ ഷിബു കലോല്‍സവ ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ട അതിഥിയായിരുന്നു, മലയാളത്തിന്റെ അഭിമാനം ഐ.എം.വിജയനും ഫ്രയിമിൽ..’ എന്നും അദ്ദേഹം കുറിച്ചു. പിന്നാലെ കമന്‍റുമായി ആളുകളുമെത്തി. ഐ.എം.വിജയന്‍ എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചത്. ‘രാജ്യത്തിന്റെ എക്കാലത്തെയും ഇതിഹാസം, അഭിമാനം ഐ.എം.വിജയൻ പിറകിലും ഇന്നലെ ഒരു സിനിമയില്‍ അഭിനയിച്ച നടി മുന്നിലും... എന്താണിത്?’ എന്നാണ് ഒരു കമന്‍റ്. പുറകിൽ ഇരിക്കാൻ ഉള്ളതല്ല മുന്നിൽ വരേണ്ട ആളാണെന്നും കമന്‍റുണ്ട്. ഒപ്പം ഏതോ ഒരു ടുകെ കിഡാണ് പേജിന്‍റെ അഡ്മിന്‍ എന്ന് തുടങ്ങിയ പരിഹാസങ്ങളുമുണ്ട്.
‘ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പങ്കുവെച്ച ഒരു ചിത്രം കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. 'സർവം മായ' എന്ന സിനിമയിലെ നടി റിയ ഷിബുവിനൊപ്പം അദ്ദേഹം കൂടെയിരിക്കുന്ന ചിത്രമായിരുന്നു അത്. സ്കൂൾ കലോല്‍സന വേദിയിൽ വെച്ചാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. എന്നാൽ ആ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ ആരും ശ്രദ്ധിക്കാതെ നമ്മുടെ ഐ.എം.വിജയൻ നിൽക്കുന്നുണ്ട്. അദ്ദേഹത്തെപ്പോലൊരു വലിയ മനുഷ്യനെ കാണാതെ പോയത് ശരിയായ ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.
ഒരു സിനിമ ഹിറ്റായതുകൊണ്ടോ അതിലെ നടി കൂടെയുള്ളതുകൊണ്ടോ മാത്രം ഒരാൾക്ക് പ്രാധാന്യം നൽകുന്നത് ശരിയല്ല. സിനിമകളും നടിമാരും വരികയും പോവുകയും ചെയ്യും. എന്നാൽ വർഷങ്ങളായി ഗ്രൗണ്ടിൽ വിയർപ്പൊഴുക്കി കേരളത്തിൻ്റെ പേര് ലോകത്തിന് മുന്നിൽ എത്തിച്ച ആളാണ് വിജയൻ ചേട്ടൻ. അദ്ദേഹം ഇപ്പോഴും കേരളത്തിലെ കായിക മേഖലയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ ഒരു പശ്ചാത്തല ചിത്രമായി മാത്രം ഒതുക്കിയത് ശരിക്കും അദ്ദേഹത്തെ അവഗണിക്കുന്നതിന് തുല്യമാണ്. പുതിയ ആളുകളെയും കലയെയും ബഹുമാനിക്കണം എന്നതിൽ തർക്കമില്ല, പക്ഷേ നമുക്ക് വേണ്ടി ഇത്രയേറെ നേട്ടങ്ങൾ കൊയ്തവരെ അപമാനിക്കുന്ന രീതിയിൽ ആയിപ്പോകരുത് നമ്മുടെ പ്രവർത്തികൾ.
കലോല്‍സവം പോലെയുള്ള ഒരു സ്കൂൾ പരിപാടിയിൽ മാതൃകയായി മുന്നിൽ കാണിക്കേണ്ടത് ഐ.എം.വിജയനെപ്പോലെയുള്ള പോരാളികളെയാണ്. കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ അദ്ദേഹത്തിന്‍റെ ജീവിതം വളർന്നു വരുന്ന തലമുറയ്ക്ക് വലിയൊരു പാഠമാണ്. അങ്ങനെയുള്ള ഒരാളെ ഒരു ഫോട്ടോയിൽ പോലും വേണ്ട രീതിയിൽ ഉൾപ്പെടുത്താൻ കഴിയാത്തത് കായിക പ്രേമികൾക്ക് വേദനയുണ്ടാക്കുന്ന കാര്യമാണ്. പ്രശസ്തിയുടെ പിന്നാലെ പോകുമ്പോൾ നമ്മളെ നയിച്ചവരെ മറന്നു പോകരുത്. ഭരണാധികാരികളിൽ നിന്ന് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നത്.’ എന്നാണ് ഒരാള്‍ കുറിച്ചത്.
എന്നാല്‍ ശിവന്‍കുട്ടിയെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ‘നിലവില്‍ ട്രെന്‍ഡിങ് ആയി നില്‍ക്കുന്ന ആളെ ആണ് ചീഫ് ഗസ്റ്റ് ആയി വിളിക്കുന്നത്. ചീഫ് ഗസ്റ്റ് ആയി വരുന്ന ആള്‍ മുന്നില്‍ തന്നെ ഇരിക്കും. ഐ.എം.വിജയന്‍ ചീഫ് ആയി വന്ന ധാരാളം പരിപാടികള്‍ പല കാലത്തും ഉണ്ടായിട്ടുണ്ട്. പഴുത്ത ഇലകള്‍ പൊഴിയുകയും പച്ചില മുളക്കുകയും ചെയ്യുന്നത് പോലെയേ ഒള്ളു. നാളെ റിയ ശ്രദ്ധിക്കപ്പെടാതെ ആവുകയും, പുതിയ ആളുകള്‍ വരികയും ചെയ്യും.. ഇത് ഇങ്ങനെ ഒരു ചക്രം പോലെ തുടര്‍ന്നുകൊണ്ട് ഇരിക്കും. Just rule of nature’ എന്നാണ് അതിലൊരു കമന്‍റ്.
അതേസമയം, കലോല്‍സവ നഗരിയില്‍ നിന്ന് മന്ത്രി പങ്കുവച്ച തന്‍റെ ചിത്രവും വൈറലാകുകയാണ്. ‘പൂക്കി വൈബ് കലോത്സവം’ എന്ന് കുറിച്ച് പങ്കുവച്ച മന്ത്രിയുടെ പുതിയ പ്രൊഫൈല്‍ ചിത്രമാണ് വൈറല്‍. കൂളിങ് ഗ്ലാസ് ധരിച്ചിരിക്കുന്ന ചിത്രമാണിത്. ‘കുട്ടികളുടെ സ്വന്തം മന്ത്രി, സഖാവേ, അടിപൊളി, ടുകെ ട്രെന്‍ഡിനൊപ്പം, മന്ത്രി തൂക്കി കലോല്‍സവം, മമ്മൂക്ക കാണേണ്ട ഈഗോ അടിക്കും’ എന്നിങ്ങനെയാണ് ചിത്രത്തിന് താഴെയുള്ള കമന്‍റുകള്‍. ഒരു വ്യക്തിയെയോ വസ്തുവിനെയോ ക്യൂട്ട് അല്ലെങ്കിൽ മനോഹരമായതായി വിവരിക്കാൻ ഉപയോഗിക്കുന്ന സ്നേഹപൂർവമായ ഒരു പദമാണ് പൂക്കി. ഇന്ന് ടുകെ കിഡ്സിനിടയില്‍ ട്രെന്‍ഡിങ്ങാണ് ഈ പദം.