പതിവ്രതയാണെന്ന് തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കിച്ച യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രാപ്രദേശിലെ പുതലപ്പട്ടില്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവം. 57കാരനായ ഭര്‍ത്താവിന് കാലങ്ങളായി ഭാര്യക്കുമേല്‍ സംശയം നിലനിന്നിരുന്നു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഉദ്യോഗസ്ഥന്‍ സമയത്ത് സ്ഥലത്തെത്തിയതിലൂടെ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി.
ചിറ്റൂര്‍ ജില്ലയിലെ തട്ടിത്തോപ്പ് വില്ലേജില്‍ ആദിവാസി കുടുംബത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. രാവിലെ പത്തരമണിയോടെയാണ് തിളച്ച എണ്ണയില്‍ കൈമുക്കി യുവതിയുടെ പതിവ്രതാ പരിശോധന നടന്നത്. പൂക്കള്‍ കൊണ്ടലങ്കരിച്ച ഇരുമ്പുപാത്രത്തില്‍ അഞ്ച് ലിറ്റര്‍ എണ്ണയൊഴിച്ച് ചൂടാക്കിയായിരുന്നു പരിശോധന. പരിശോധനയ്ക്ക് സാക്ഷികളാകാന്‍ മുതിര്‍ന്നവരും അയല്‍വാസികളും തടിച്ചുകൂടി.
സംശയരോഗത്തെത്തുടര്‍ന്ന് ഇയാള്‍ പലതവണ ഭാര്യയെ ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പെണ്ണിന്റെ പാതിവ്രത്യം സംശയിക്കപ്പെട്ടാല്‍ തിളച്ച എണ്ണയില്‍ കൈമുക്കിയുള്ള പരിശോധന യേറുകുല വിഭാഗത്തില്‍ കാലാകാലങ്ങളായി നിലവിലുള്ളതാണ്. മുതിര്‍ന്ന സമുദായ നേതാക്കളുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുക. എണ്ണയില്‍ മുക്കുമ്പോള്‍ കൈ പൊള്ളുന്നുണ്ടോ ഇല്ലയോ എന്നതാണ് പരിശോധനാ ഫലം. യുവതിയുെട നാലു മക്കളുടെ കൂടി സമ്മതത്തോടെയാണ് പരിശോധന നടന്നതെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ഭര്‍ത്താവില്‍ നിന്നുള്ള നിരന്തരപീഡനത്തേക്കാള്‍ നല്ലത് തിളച്ച എണ്ണയില്‍ കൈമുക്കുന്നതാണെന്ന് ചിന്തിച്ചാണ് യുവതിയും പരിശോധനയ്ക്ക് തയ്യാറായത്. സംഭവത്തില്‍ ഔദ്യോഗികമായി പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെങ്കിലും കുടുംബാംഗങ്ങളെയെല്ലാവരേയും കൗണ്‍സിലിങ്ങിനു വിധേയമാക്കിയ ശേഷമാണ് വിട്ടയച്ചതെന്ന് പൊലീസ് പറയുന്നു.