151 യാത്രക്കാരുമായി ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫിന് തൊട്ടുമുന്‍പ് അടിയന്തരബ്രേക്കിട്ട് നിര്‍ത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെ റണ്‍വേയുടെ അറ്റത്തുവച്ചാണ് സംഭവം. സാങ്കേതിക തടസത്തെത്തുടര്‍ന്ന് വിമാനം പറന്നുയരാൻ പ്രയാസപ്പെട്ടതായി ദൃക്‌സാക്ഷികളും വിമാനത്താവള അധികൃതരും പറഞ്ഞു
സമാജ്‌വാദി പാർട്ടി എം.പി. ഡിംപിൾ യാദവ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 151യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന് ശരിയായ രീതിയില്‍ പറന്നുയരാന്‍ കഴിയാതെ വന്നതോടെ റണ്‍വേയില്‍ നിന്നും തെന്നിമാറുന്നത് തടയുന്നതിനായി പൈലറ്റ് വേഗത്തിൽ അടിയന്തര ബ്രേക്കുകൾ പ്രയോഗിച്ച് വിമാനം പൂർണ്ണമായും നിർത്തുകയായിരുന്നു. പിന്നാലെ151 യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് അതിവേഗം പുറത്തിറക്കി. പിന്നീട്, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
സാങ്കേതിക തകരാറിനെ തുടർന്ന് ഈ മാസമാദ്യം അബുദാബിയിലേക്ക് പോയ ഒരു ഇൻഡിഗോ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ കൊച്ചിയിലേക്ക് മടങ്ങിയിരുന്നു. വിമാനം സുരക്ഷിതമായി കൊച്ചിയിൽ ഇറങ്ങുകയും അറ്റകുറ്റപ്പണികൾക്കായി പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.
ഓഗസ്റ്റിൽ നടന്ന മറ്റൊരു സംഭവത്തിൽ, കനത്ത മഴയെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമം നടത്തുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽ റൺവേയിൽ തട്ടിയിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് താഴ്ന്ന ഉയരത്തിൽ ഗോ-എറൗണ്ട് നടത്തുന്നതിനിടയിലാണ് ഇത് സംഭവിച്ചത്.