Image Credit:X
ട്രെയിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് വൈദ്യുതാഘാതമേറ്റ് മരണം. നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് എത്തിയ ട്രെയിന് മുകളിലേക്ക് പെട്ടെന്ന് യുവാവ് ചാടിക്കയറുകയായിരുന്നു. റെയില്‍വേ പൊലീസും മറ്റ് യാത്രക്കാരും താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല.
ആളുകള്‍ താഴെ ഇറങ്ങൂവെന്ന് അഭ്യര്‍ഥിക്കുന്നതിനിടെ യുവാവ് കോച്ചുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ തുടങ്ങി. തല വൈദ്യുത ലൈനില്‍ മുട്ടിയതും ഷോക്കേറ്റു. തല്‍ക്ഷണം മരണം സംഭവിച്ചു. പിന്നാലെ മൃതദേഹം പ്ലാറ്റ്ഫോമിലേക്കും പതിച്ചു. കണ്ടുനിന്നവരെല്ലാം നടുങ്ങി. സമൂഹമാധ്യമങ്ങളില്‍ റീല്‍സിടുന്നതിനായോ അതോ മാനസിക വെല്ലുവിളിയുള്ള ആളാണോ യുവാവെന്ന് ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല.
അടുത്തയിടെ കനത്തമഴയില്‍ വൈദ്യുത ലൈന്‍ പൊട്ടിവീണ് മുംബൈയില്‍ 17കാരനും മരിച്ചിരുന്നു. നടന്നു പോകുന്നതിനിടെ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുത ലൈനില്‍ ചവിട്ടിയതോടെയാണ് മരണം സംഭവിച്ചത്.