bihar-india

TOPICS COVERED

പ്രളയമേഖല സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംപിയെ നാട്ടുകാരിലൊരാള്‍ ചുമന്നുനടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോൺഗ്രസ് എംപി താരിഖ് അൻവറിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബിഹാറിലെ കതിഹാറില്‍ വെള്ളപ്പൊക്ക മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് എംപി ഗ്രാമവാസിയുടെ തോളിലേറിയത്.

ഈ വീഡിയോ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയെങ്കിലും, എംപിയെ പിന്തുണച്ച് കോൺഗ്രസ് രംഗത്തെത്തി, അൻവറിന് ശാരീരികസുഖമില്ലെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. തന്റെ പാർലമെന്റ് മണ്ഡലത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു എംപി. പ്രദേശം സന്ദർശിക്കാനും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ഗ്രാമവാസികളെ കാണാനും ട്രാക്ടറും ബോട്ടും ഉൾപ്പെടെ വിവിധ ഗതാഗത മാർഗ്ഗങ്ങൾ എംപി ഉപയോഗിച്ചു. ഇതുകൂടാതെയാണ് ഗ്രാമവാസി ചുമലിലേറ്റുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നത്.

അൻവറിന്റെ ദേഹാസ്വാസ്ഥ്യം കാരണം ഗ്രാമവാസികൾ തന്നെയാണ് അദ്ദേഹത്തെ തോളിലെടുത്തതെന്ന് കതിഹാർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സുനിൽ യാദവ് പറഞ്ഞു. ‘യാത്ര ചെയ്യാൻ ഞങ്ങൾ ട്രാക്ടർ, ബോട്ട്, ബൈക്ക് എന്നിവ ഉപയോഗിച്ചു. പരിശോധനയ്ക്കിടെ ട്രക്ക് ചെളിയിൽ കുടുങ്ങി, ഏകദേശം 2 കിലോമീറ്റർ നടക്കേണ്ടി വന്നു. അന്തരീക്ഷം കടുത്ത തോതില്‍ ചൂടായിരുന്നു. അൻവറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, അദ്ദേഹത്തിന് തലകറങ്ങുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ഗ്രാമവാസികൾ സ്നേഹം കൊണ്ട് അദ്ദേഹത്തെ തോളിലേറ്റുകയായിരുന്നു’എന്നാണ് കോണ്‍ഗ്രസിന്റെ വാക്കുകള്‍. 

ഗ്രാമവാസി എംപി അൻവറിനെ ചുമലിലേറ്റി കൊണ്ടുപോകുന്നതും മറ്റുള്ളവർ അദ്ദേഹം വീഴാതിരിക്കാൻ പിന്നിൽ നിന്ന് താങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.  ഒരു പോലീസ് ഉദ്യോഗസ്ഥനും ഒപ്പമുണ്ട്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടൊപ്പം താനുണ്ടെന്നും അടിയന്തര സഹായം നൽകാൻ സർക്കാരിനോട് അഭ്യർത്ഥിച്ചെന്നും വ്യക്തമാക്കി എക്സില്‍ ചിത്രങ്ങളുള്‍പ്പെടെ എംപി പങ്കുവച്ചു. ഗംഗ, കോസി, ഗണ്ഡക്, ഘാഗ്ര നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിലായതിനാല്‍ ബിഹാർ ഗുരുതരമായ വെള്ളപ്പൊക്ക ഭീതിയിലാണ്. 

ENGLISH SUMMARY:

Congress MP Tariq Anwar faces backlash after a video surfaced of him being carried by a villager during a flood zone visit in Kathihar, Bihar. The Congress party defends Anwar, citing his ill health and the villagers' gesture of support amidst challenging conditions.