AI Generated Image
സര്‍ക്കാര്‍ ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥയില്‍ രണ്ടു നവജാത ശിശുക്കളെ എലി കടിച്ചു. ഒരു ദിവസത്തെ ഇടവേളയില്‍ രണ്ടുകുട്ടികളും മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണിത്. എലിയുടെ കടിയേറ്റല്ല കുഞ്ഞ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ച രണ്ടു കുട്ടികളുടെ കൈവിരലുകളാണ് എലി കടിച്ചത്. തിങ്കളാഴ്ച രാവിലെ പതിവ് പരിശോധന നടത്തുമ്പോള്‍ പെണ്‍കുഞ്ഞ് ആരോഗ്യവതിയായിരുന്നുവെന്നും ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എലി കടിയേറ്റതിന് പിന്നാലെ മരിച്ച പെണ്‍കുഞ്ഞിന് ജനന സമയത്ത് തന്നെ ഹൃദ്രോഗമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് നവജാതശിശുക്കള്‍ക്കായുള്ള പ്രത്യേക പരിചരണത്തിലേക്ക് മാറ്റിയത്. ആരോഗ്യപ്രശ്നം കുഞ്ഞിനുണ്ടെന്നറിഞ്ഞതിന് പിന്നാലെ മാതാപിതാക്കള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് സ്ഥലംവിടുകയും ചെയ്തു. വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അശോക് യാദവ് പറഞ്ഞു.
സംഭവത്തില്‍ വീഴ്ച വരുത്തിയ രണ്ടു നഴ്സിങ് സ്റ്റാഫുകളെ സസ്പെന്‍ഡ് ചെയ്തു. ആശുപത്രിയില്‍ പെസ്റ്റ് കണ്‍ട്രോളിന് ചുമതലയുണ്ടായിരുന്ന ഏജന്‍സിക്ക് ഒരു ലക്ഷം രൂപ പിഴയും ഏര്‍പ്പെടുത്തി.