സുഹൃത്തിന്‍റെ സഹോദരിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഗണേശോല്‍സവത്തിന്‍റെ ഭാഗമായി വിളിച്ചുവരുത്തി വനത്തിലേക്ക് ബലമായി കൊണ്ടുപോയി കെട്ടിയിട്ട് തലയറുക്കുകയായിരുന്നു. ഇതുവരെ നാല് പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്കുപിന്നില്‍ എട്ടുപേര്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്. പ്രധാന പ്രതികളായ യുവതിയുടെ സഹോദരങ്ങള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
കേസില്‍ പ്രതികളായ പവന്‍റേയും ബോബിയുടെയും സഹോദരിയുമായി ഋഷികേശ് ബന്ധത്തിലായിരുന്നു. അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് പവൻ ഇക്കാര്യം അറിയുന്നത്. ഇവരുടെ ബന്ധത്തിൽ പ്രകോപിതനായ പവൻ ഉടൻ തന്നെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളുടെ മൊഴി പ്രകാരം, കൊലപാതകം പവൻ തന്‍റെ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 30-നാണ് കൊലപാതകം നടന്നത്. സുഹൃത്ത് പ്രിൻസാണ് ഋഷികേശിനെ കാണാൻ ആവശ്യപ്പെട്ടത്. വീട്ടിൽ നിന്നിറങ്ങിയ ഉടൻ, രണ്ട് പ്രതികൾ ഋഷികേശിനെ ബൈക്കിൽ കയറ്റി അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി. പിന്നാലെ കയ്യും കാലും കെട്ടിയ ശേഷമാണ് തലയറുത്തത്.
തുടര്‍ന്ന് പവൻ ഋഷികേശിന്‍റെ ശരീരഭാഗങ്ങൾ മോഷ്ടിച്ച ഒരു ഓട്ടോറിക്ഷയില്‍ കയറ്റി പാലത്തിൽ നിന്ന് ഗംഗാനദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഋഷികേശ് വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം പരാതി നൽകിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അന്വേഷണത്തിനിടെയാണ് പവന്റെയും ബോബിയുടെയും സഹോദരിയുമായി യുവാവിനു ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.