യുദ്ധം തകർത്ത ഗാസയിലെ എല്ലാം നഷ്ടപ്പെട്ട ജനതയ്ക്കെന്ന പേരില്‍ ഗുജറാത്തിലെത്തി ഫണ്ട് പിരിച്ച് ആഡംബര ജീവിതം നയിച്ച സിറിയന്‍ സ്വദേശി അറസ്റ്റില്‍. പള്ളികളിൽ നിന്നുള്‍പ്പടെ പണം പിരിച്ച യുവാവിന്റെ മൂന്ന് കൂട്ടാളികള്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗാസയുടെ പേരിലെത്തി മറ്റേതെങ്കിലും ലക്ഷ്യത്തിനായി നഗരം നിരീക്ഷിക്കാനെത്തിയതാണോ എന്ന സംശയവും പൊലീസിനുണ്ട്.
എലിസ് ബ്രിഡ്ജ് ഏരിയയിലെ ഒരു ഹോട്ടലിൽ നിന്നാണ് അലി മേഘത് അൽ-അസർ (23) എന്ന സിറിയന്‍ സ്വദേശി അറസ്റ്റിലായതെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് ശരദ് സിംഗൽ അറിയിച്ചു. അതേ ഹോട്ടലിൽ താമസിച്ചിരുന്ന സിറിയന്‍ സ്വദേശികളായ സക്കറിയ ഹൈതം അൽസർ, അഹമ്മദ് അൽഹബാഷ്, യൂസഫ് അൽ-സഹർ എന്നിവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
‘ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡമാസ്കസ് സ്വദേശിയായ അൽ-അസറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്നും 3,600 യുഎസ് ഡോളറും 25,000 രൂപയും പൊലീസ് കണ്ടെത്തി’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അല്‍ അസറിന്റെ കൂട്ടാളികളെ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തവിധം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് സിറിയക്കാരും ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ജൂലൈ 22-ന് കൊൽക്കത്തയിലിറങ്ങുകയും ഓഗസ്റ്റ് 2-ന് അഹമ്മദാബാദിലെത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. സിറിയന്‍സംഘം പ്രാദേശിക പള്ളികളെ സമീപിച്ച് ഗാസയിലെ പട്ടിണി കിടക്കുന്ന ആളുകളുടെ വീഡിയോകൾ അടക്കം കാണിച്ചാണ് സഹതാപവും ഒപ്പം പണവും നേടിയിരുന്നത്. ഗാസയിലെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിനായി പണം ശേഖരിക്കുകയാണെന്ന് സംഘം അവകാശപ്പെട്ടു. എന്നാൽ അവർ ഗാസയിലേക്ക് പണം അയച്ചതിന് തെളിവൊന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ചേർന്ന്, ഇവർ ഗുജറാത്തിൽ എത്തിയതിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്നും പ്രാദേശിക പള്ളികളിൽ നിന്ന് സമാഹരിച്ച ഫണ്ടുകൾ എവിടേക്കാണ് അയച്ചതെന്നും അന്വേഷണം നടത്തുന്നുണ്ട്.