Image: X/piyush, Akhil
നവജാതശിശുവിന്‍റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലിട്ട് ജില്ലാ മജിസ്ട്രേട്ടിന്‍റെ ഓഫിസിലെത്തി അച്ഛന്‍. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലാണ് സംഭവം. വിപിന്‍ ഗുപ്തയെന്ന പിതാവാണ് ആശുപത്രി അധികൃതര്‍ തന്‍റെ കുഞ്ഞിനെ കൊന്നുവെന്ന് പരാതിപ്പെടാന്‍ മൃതദേഹവുമായി എത്തിയത്. വിവാദത്തെ തുടര്‍ന്ന് ഗോള്‍ദര്‍ ആശുപത്രി അടച്ചുപൂട്ടി.
പ്രസവത്തിനായി ഭാര്യയെ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ ആശുപത്രി അധികൃതര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നും പ്രസവം വൈകിപ്പിച്ചുവെന്നും ഇതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നുമാണ് വിപിന്‍റെ പരാതി. 10,000 രൂപയാണ് സാധാരണ പ്രസവത്തിനായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. സിസേറിയന്‍ നടത്തണമെങ്കില്‍ 12000 രൂപയും ആവശ്യപ്പെട്ടു. പ്രസവ വേദനയില്‍ ഭാര്യ പുളഞ്ഞിട്ടും ചികില്‍സ നല്‍കാതെ ആശുപത്രി അധികൃതര്‍ പണത്തിനായി വാശി പിടിച്ചെന്നും വിപിന്‍ എഎന്‍ഐയോട് പ്രതികരിച്ചു.
ഒടുവില്‍ ഉച്ചയ്ക്ക് രണ്ടരയോടെ വിപിന്‍ പണവുമായെത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം താന്‍ എത്തിക്കാമെന്നും പ്രസവമെടുക്കണമെന്നും താന്‍ അഭ്യര്‍ഥിച്ചെങ്കിലും അധികൃതര്‍ തയ്യാറായില്ല. ഭാര്യ പ്രസവിക്കുകയും കുഞ്ഞിന്‍റെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെയാണ് താന്‍ ജില്ലാ മജിസ്ട്രേറ്റിനെ നേരില്‍ കണ്ട് സങ്കടം പറയാനെത്തിയതെന്നും വിവരമറിഞ്ഞ അദ്ദേഹം തനിക്കൊപ്പം ആശുപത്രിയില്‍ എത്തിയെന്നും വിപിന്‍ പറയുന്നു. എനിക്കെന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. മറ്റാര്‍ക്കും ഈ ഗതിയുണ്ടാവരുത്. അതിനാണ് പരാതിപ്പെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.