കര്‍ണാടകയിലെ മുടിഗെരെയില്‍ വിവാഹിതയായ യുവതി അന്യമതസ്ഥനായ മലയാളി യുവാവിനൊപ്പം ഒളിച്ചോടിയെന്നാരോപിച്ച് പ്രതിഷേധം പുകയുന്നു. ലവ് ജിഹാദെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമതസ്ഥരായ ഒരു സംഘം ബനക്കല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. സംഘമെത്തി ബഹളം വച്ചതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാവുകയായിരുന്നു.
ബനക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിവാഹിതയായ യുവതി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ നിന്നുള്ള അന്യമതസ്ഥനായ യുവാവിനൊപ്പം ഒളിച്ചോടിയതായി ആരോപിക്കപ്പെടുന്നത്. യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന് പോലീസ് യുവതിയ്ക്കായി അന്വേഷണം നടത്തിയതായും കേരളത്തില്‍ നിന്നും കണ്ടെത്തിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. സംഭവമറിഞ്ഞെത്തിയ ഹിന്ദു പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയും ചെയ്തു. പോലീസ് ഗേറ്റ് അടച്ചതോടെ പോലീസും ജനങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി.
സ്റ്റേഷനു മുന്നിലെ ദേശീയപാത ഉപരോധിച്ചുകൊണ്ട് സംഘം പ്രതിഷേധം ശക്തമാക്കി. പോലീസ് സ്റ്റേഷനിൽ വെച്ച് പ്രതിഷേധക്കാരോട് സംസാരിക്കാമെന്ന് പിന്നീട് പോലീസ് ഉറപ്പുനൽകി. മുടിഗെരെ താലൂക്കില്‍ ലവ് ജിഹാദ് നടക്കുന്നുണ്ടെന്നും വിവാഹിതയായ യുവതിയെ കടത്തിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. മേഖലയില്‍ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.