‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം കാമുകന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ യുവതി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ബനാസ്കന്ധ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടേത് ദുരഭിമാനക്കൊലയായിരുന്നെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. പതിനെട്ടുകാരിയായ ചന്ദ്രിക ചൗധരിയെ ധരാദിലെ ദാന്തിയയിലുള്ള വീട്ടിൽ വെച്ച് പിതാവ് സേധാഭായ് പട്ടേലും അമ്മാവൻ ശിവാഭായ് പട്ടേലും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേര്‍ ഈ സംഭവത്തില്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണെന്ന് അന്വേഷണ ചുമതലയുള്ള എഎസ്‌പി അറിയിച്ചു.
പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു കുടുംബാംഗങ്ങളുടെ ശ്രമം. ചന്ദ്രികയും ഹരീഷ് ചൗധരിയും തമ്മില്‍ പ്രണയത്തിലായിരുന്നു, എന്നാൽ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തു. ചന്ദ്രികയ്ക്ക് കുടുംബം മറ്റൊരു വിവാഹാലോചനയും കൊണ്ടുവന്നു. കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെക്കുറിച്ച് ചന്ദ്രിക കാമുകനായ ഹരീഷിനെ അറിയിച്ചിരുന്നു. സ്വന്തം ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ചന്ദ്രിക ജൂൺ 24ന് തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് രാത്രി ഹരീഷിന് സന്ദേശവുമയച്ചു.
‘എന്നെ കൂട്ടിക്കൊണ്ടുപോകൂ, അല്ലെങ്കിൽ, ഇവര്‍ മറ്റൊരാളെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കും. ഞാൻ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അവർ എന്നെ കൊല്ലും, എന്നെ രക്ഷിക്കൂ’ എന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. സന്ദേശം അയച്ച് മണിക്കൂറുകൾക്കകം ചന്ദ്രികയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തി. തുടക്കത്തിൽ ഇതൊരു ആത്മഹത്യയാണെന്ന് തോന്നിയെങ്കിലും ഹരീഷ് പരാതി നല്‍കിയതോടെ അന്വേഷണം നടന്നു. ചന്ദ്രിക സ്വാഭാവികമായി മരിച്ചതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും ഹരീഷ് പൊലീസിനെ അറിയിച്ചു. ചന്ദ്രികയുടെ പിതാവും അമ്മാവനും ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിതെന്ന് എഎസ്പി ഉറപ്പിച്ചു.
കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ്, ചന്ദ്രിക ഹരീഷിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു, എന്നാൽ കുടുംബം പരാതി നല്‍കിയതോടെ പൊലീസ് ചന്ദ്രികയെ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. ചന്ദ്രികയ്ക്കുവേണ്ടി ഹരീഷ് കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു, എന്നാൽ വാദം കേൾക്കുന്ന തീയതിക്ക് മുമ്പേ ചന്ദ്രിക മരിച്ചു. ആത്മഹത്യയെന്ന് കുടുംബം അവകാശപ്പെട്ടു. എന്നാൽ ഹരീഷ് ചന്ദ്രികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. മരണം ഉറപ്പിക്കാന്‍ പോലും കുടുംബം ചന്ദ്രികയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും തിടുക്കത്തിൽ ദഹിപ്പിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. പാലൻപൂരിൽ പഠിക്കുന്ന സഹോദരനെപ്പോലും കുടുംബം ചന്ദ്രികയുടെ മരണമറിയിച്ചില്ല. മയക്കുമരുന്ന് നല്‍കി ഉറക്കിയ ശേഷം കഴുത്തുഞെരിച്ചാണ് ചന്ദ്രികയെ കൊലപ്പെടുത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.