പ്രണയബന്ധത്തിന്റെ പേരിൽ മകളുടെ കാമുകനെ ക്രൂരമായി കൊന്ന് വീട്ടുകാർ. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ക്രൂര കൊലപാതകം നടന്നത്. സാക്ഷം ടേറ്റിനെയാണ് കാമുകിയായ ആഞ്ചലിന്റെ വീട്ടുകാർ വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ, ടേറ്റിന്റെ മൃതദേഹത്തിൽ മാല ചാർത്തി.
സഹോദരൻമാർ വഴിയാണ് ആഞ്ചൽ സക്ഷം ടേറ്റിനെ പരിചയപ്പെട്ടത്. വീട്ടിലെ പതിവു സന്ദർശനങ്ങളിലൂടെ അവർ കൂടുതൽ അടുത്തു. മൂന്നു വർഷത്തെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ജാതി വ്യത്യാസത്തെ ചൊല്ലി ആഞ്ചലിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തു. നിരവധി ഭീഷണികൾ ഉണ്ടായിട്ടും ഇരുവരും ബന്ധം തുടർന്നു. ആഞ്ചൽ ടേറ്റിനെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് സഹോദരങ്ങളും പിതാവും അറിഞ്ഞു. അവർ ടേറ്റിനെ മർദിച്ചശേഷം തലയ്ക്ക് വെടിവച്ചു. കല്ലുകൊണ്ട് തല തകർക്കുകയായിരുന്നു.
ടേറ്റിന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ ആഞ്ചൽ അവന്റെ വീട്ടിലെത്തി. കാമുകന്റെ മൃതദേഹത്തിൽ മാല ചാർത്തിയശേഷം അവളുടെ നെറ്റിയിൽ സിന്ദൂരം തേച്ചു. ഇനിയുള്ള കാലം മുഴുവൻ ടേറ്റിന്റെ ഭാര്യയായി അവന്റെ വീട്ടിൽ താമസിക്കുമെന്നും പ്രഖ്യാപിച്ചു.