അപകടത്തില്‍ മരിച്ച നിതിന്‍ സായി

അപകടത്തില്‍ മരിച്ച നിതിന്‍ സായി

TOPICS COVERED

ഒരു യുവതിയുടെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അപകടമുണ്ടാക്കി യുവാവിനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഇരുചക്രവാഹനത്തിലേക്ക് എസ്‌യുവി ഇടിച്ചുകയറ്റിയാണ് അപകടമുണ്ടാക്കിയത്. ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥി നിതിന്‍ സായി മരിച്ചു. സംഭവത്തില്‍ ഡിഎംകെ നേതാവിന്റെ കൊച്ചുമകന്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. 

തുടക്കത്തില്‍ ഇതൊരു അപകടമരണമാണെന്ന് വിശ്വസിക്കപ്പെട്ടെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ മനപ്പൂര്‍വം വാഹനം ഇരുചക്രവാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കണ്ടെത്തി. രണ്ട് യുവാക്കള്‍ക്ക് ഒരു വിദ്യാര്‍ഥിനിയോട് തോന്നിയ പ്രണയമാണ് രണ്ട് സംഘങ്ങള്‍ക്കിടെയില്‍ സംഘര്‍ഷത്തിനു വഴിവച്ചത്. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാനായി ഡിഎംകെ നേതാവിന്റെ കൊച്ചുമകന്‍ ചന്ദ്രുവിനോട് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

ചന്ദ്രു ഉള്‍പ്പെടെയുള്ള സംഘം,  രണ്ടു ബൈക്കുകളിലായി പോവുകയായിരുന്ന യുവാക്കളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. സംഘത്തിന്റെ ലക്ഷ്യം വെങ്കടേശന്‍ എന്ന യുവാവായിരുന്നെങ്കിലും വെങ്കടേശനും സുഹൃത്തും വേഗത്തില്‍ വണ്ടിയോടിച്ചുപോയി ,പിന്നാലെ നിതിന്‍ സായി സഞ്ചരിച്ച ബൈക്കിലാണ് കാര്‍ വന്നിടിച്ചത്.  ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിതിന്‍ സായി സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. 

കൊലപാതകത്തിന് പുറമെ മറ്റ് ചില വകുപ്പുകൾ കൂടി ചുമത്തി പോലീസ് നാല് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന നാലാമത്തെ വിദ്യാർത്ഥിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. അതേസമയം ഇതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും സാമൂഹിക പ്രശ്നമാണെന്നും ഡിഎംകെ പ്രതികരിച്ചു. ഈ സംഭവത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയ നേതാവിനേയും കുറ്റപ്പെടുത്താനാവില്ലെന്നും ഡിഎംകെ പ്രതികരിച്ചു. 

ENGLISH SUMMARY:

A youth was reportedly killed following a dispute involving a young woman. In Chennai, an SUV rammed into a two-wheeler, leading to the fatal incident. Nithin Sai, a college student who was riding the bike, died in the accident. Three youths, including the grandson of a DMK leader, have been arrested in connection with the case.