AI Generated Image
പുലര്‍ച്ചെ നടക്കാനിറങ്ങിയ വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. കര്‍ണാടകയിലെ കൊടിഗെഹള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സീതപ്പ (70) ആണ് കൊല്ലപ്പെട്ടത്. രാത്രി മുഴുവന്‍ ഉറക്കമില്ലാതെ അസ്വസ്ഥനായതോടെ നടന്നിട്ട് വരാമെന്ന് പറഞ്ഞ് സീതപ്പ വീട്ടില്‍ നിന്നുമിറങ്ങി. റോഡിലേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് തെരുവുനായ്ക്കളുടെ കൂട്ടം ആക്രമിച്ചത്. എട്ടോളം നായ്ക്കള്‍ക്ക് മുന്നിലാണ് സീതപ്പ പെട്ടുപോയതെന്ന് പൊലീസ് പറയുന്നു.
കൈകളിലും കാലുകളിലും മുഖത്തും ആഴത്തിലുള്ള കടിയേറ്റു. ശരീരത്തിലെ മാംസം നായ്ക്കള്‍ കടിച്ച് കീറിയെന്നും പൊലീസ് പറയുന്നു. കരച്ചില്‍ പുറത്ത് നിന്ന് കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായ്ക്കളെ തുരത്തി സീതപ്പയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും സീതപ്പയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
രാജ്യത്ത് തെരുവുനായ്ക്കളുടെ ശല്യം മുന്‍പെങ്ങുമില്ലാത്തവിധം വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാഴ്ച മുന്‍പ് കര്‍ണാടകയിലെ ഓള്‍ഡ് ഹുബ്ബള്ളിയില്‍ മൂന്നുവയസുകാരിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു. കുട്ടിയുടെ തോളുകളിലും പുറത്തും കാലുകളിലും കയ്യിലുമെല്ലാം നായ്ക്കൂട്ടം കടിച്ചു. കടിച്ച് വലിച്ച് നിലത്തിഴയ്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഓടിയെത്തിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ജീവന്‍ രക്ഷിക്കാനായത്.
തെരുവുനായ്ക്കളുടെ പുനരധിവാസത്തിനായി മൂന്ന് കോടിയോളം രൂപയുടെ പദ്ധതി ബെംഗളൂരു മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിട്ടും ഫലവത്തായില്ലെന്നാണ് നിരന്തരമുള്ള സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തെരുവുനായക്കള്‍ക്ക് പാകം ചെയ്ത ചിക്കന്‍, ചോറ് എന്നിവയടക്കമുള്ള ഭക്ഷണം നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ കാര്യക്ഷമമായ നടപടിയാണ് വേണ്ടതെന്നും തെരുവുനായ്ക്കളെ ഭക്ഷണം നല്‍കി പോറ്റുകയല്ല വേണ്ടതെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞവര്‍ഷം മാത്രം 37 ലക്ഷം പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റെന്നാണ് റിപ്പോര്‍ട്ട്.