siddaramaiah-dk

മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ അധികാരകൈമാറ്റത്തിനു അരങ്ങൊരുങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത്.  ഇക്കാര്യം വിശ്വസ്ത എം.എല്‍.എയോടു മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നതു പുറത്തായതു വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്. അതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇന്നു സ്വകാര്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കന്‍മാരെ ഡി.കെ. കണ്ടേക്കുമെന്ന റിപ്പോര്‍ട്ടകളാണ് അധികാരക്കൈമാറ്റ ചര്‍ച്ച കൊഴുപ്പിക്കുന്നത്.

പ്രാതല്‍ നയന്ത്ര ചര്‍ച്ചകളില്‍ ഇരുവരും നിലപാടുകളില്‍ ഉറച്ചുനിന്നിരുന്നു. ഒറ്റകെട്ടാണെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുന്ന ഇരുവരും പക്ഷേ വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നിലെത്തിച്ചു. തൊട്ടുപിറകെയാണ് പദവികള്‍ പിതൃസ്വത്തല്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും വിദാനസൗദയില്‍ വച്ചു വിശ്വസ്തനോടു  മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്ന ഓഡിയോ പുറത്തായത്. 

ഇന്നലെ മംഗളുരുവില്‍ വച്ചു സാഹചര്യം സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സിദ്ധരാമയ്യ ചര്‍ച്ച ചെയ്യുകയും ചെയ്തു. സിദ്ധരാമയ്യ കെ.സി. വേണുഗോപാലിനെ കണ്ടതിനു തൊട്ടടുത്ത ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഡല്‍ഹിയിലെത്തുന്നതു വന്‍ അഭ്യൂഹങ്ങളാണുണ്ടാക്കുന്നത്. തനിക്ക് ഹൈക്കമാന്‍ഡില്‍ നിന്നു വിളികളൊന്നും ഉണ്ടായില്ലെന്നു മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതാണന്നും സന്ദര്‍ശനത്തിനു രാഷ്ട്രീയ നിറമില്ലെന്നും പറഞ്ഞൊഴിയുകയാണ് ഡി.കെ. ശിവകുമാറും അനുയായികളും. അതേസമയം രണ്ടര വര്‍ഷം മുന്‍പ് ഹൈക്കമാന്‍ഡ് നല്‍കിയ വാക്കുപാലിക്കണമെന്ന സമ്മര്‍ദ്ദവും ഡി.കെ. ശക്തമാക്കുകയും ചെയ്തു.

ENGLISH SUMMARY: