Image Credit: x.com/RKmeena31895
രാജസ്ഥാനിലെ ജലവാർ ജില്ലയിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു. ഒട്ടേറെ കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഈ സമയം അധ്യാപകരും ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 40 ഓളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.
അപകടത്തില്‍ നാല് കുട്ടികൾ മരിച്ചതായും 17 പേർക്ക് പരിക്കേറ്റതായും ജലവാർ പൊലീസ് സൂപ്രണ്ട് അമിത് കുമാർ പിടിഐയോട് പറഞ്ഞു. പരുക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും രക്ഷിക്കാനായി നാട്ടുകാര്‍ ഓടിയെത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി നാല് മണ്ണുമാന്ത്രിയന്ത്രങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. കെട്ടിടം വളരെ ജീർണാവസ്ഥയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതുസംബന്ധിച്ച് നേരത്തെ ഒട്ടേറെ പരാതികള്‍ ഉയർന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടം തകർന്ന വിവരം അറിഞ്ഞ കുട്ടികളുടെ കുടുംബാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
പരിക്കേറ്റ കുട്ടികളുടെ ചികിത്സയ്ക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നില്ലെന്ന് ഉറപ്പാക്കാനും ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.