ശ്രാവണ മാസത്തില്‍ ഇറച്ചി വില്‍പ്പന നടത്തിയെന്നാരോപിച്ച് ഗാസിയാബാദില്‍ കടകള്‍ക്ക് മുന്നില്‍ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം. കെഎഫ്‌സി, നസീർ ഫുഡ്‌സ് ഔട്ട്‌ലെറ്റുകളാണ് ഹിന്ദു രക്ഷാ ദൾ അംഗങ്ങൾ ബലപ്രയോഗത്തിലൂടെ അടപ്പിച്ചത്. ശ്രാവണ മാസവും കാന്‍വാര്‍ യാത്രയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഹര്‍ ഹര്‍ മഹാദേവ്, ജയ് ശ്രീരാം വിളികളോടെയാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ കടകളിലേക്ക് സംഘടിച്ചെത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇത് ഹിന്ദുസ്ഥാനാണെന്നും ഹിന്ദുക്കള്‍ വിചാരിക്കുന്നത് നടക്കുമെന്നും പ്രതിഷേധക്കാര്‍ കെഎഫ്സി ജീവനക്കാരനോട് പറയുന്നത് വിഡിയോയില്‍ കാണാം. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഷട്ടര്‍ വലിച്ചടക്കുകയായിരുന്നു.
കാന്‍വാര്‍ യാത്രയ്ക്കിടെ കെഎഫ്സി, നസീര്‍ ഫുഡ്സ് എന്നിവ ഇറച്ചി വില്‍ക്കുകയാണെന്നും ഇതിനെതിരായണ് പ്രതിഷേധമെന്നും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. 'ഹിന്ദുക്കൾ ഇവിടെ തങ്ങുമ്പോൾ അവരുടെ വികാരം മാനിക്കണം. ഇത് ഞങ്ങളുടെ ഉത്സവമാണ്, ആരെങ്കിലും ഇടപെടാൻ ശ്രമിച്ചാൽ ഞങ്ങൾ പ്രതിഷേധിക്കും' എന്നും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കെഎഫ്‌സി, നസീർ ഫുഡ്‌സ് ഔട്ട്‌ലെറ്റുകൾ വീണ്ടും തുറന്നാൽ ഞങ്ങൾ സമാനമായ പ്രതിഷേധം നടത്തി അടച്ചുപൂട്ടിക്കുമെന്നാണ് ഭീഷണി.
ഹിന്ദു കലണ്ടറിലെ വിശുദ്ധ മാസമായി കണക്കാക്കപ്പെടുന്ന കാലമാണ് ശ്രാവണ മാസം. ശിവഭക്തർ ഇക്കാലയളവില്‍ കാലയളവിൽ ഉപവസിക്കുകയും മാംസം, മദ്യം, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുകയും ചെയ്യാറുണ്ട്. ഈ സമയത്ത് ഹരിദ്വാറിൽ നിന്ന് ശിവക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളിൽ അർപ്പിക്കാൻ ഗംഗാ ജലവുമായി കാല്‍നടയായി ഭക്തര്‍ യാത്ര കന്‍വാര്‍ യാത്ര നടത്താറുണ്ട്.
സംസ്ഥാനവ്യാപകമായി നിരോധനം നിലവിലില്ലെങ്കിലും പലയിടത്തും പ്രാദേശികമായി ശ്രാവണ മാസത്തില്‍ ഇറച്ചി വിൽപ്പനയ്ക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. കൻവാർ യാത്രാ റൂട്ടിലുള്ള എല്ലാ കടകളും യഥാർഥ പേര് വ്യക്തമായി പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാറിന്‍റെ തീരുമാനം വലിയ വിമർശനത്തിന് വിധേയമായിരുന്നു.