mobile-game

AI Image

ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍ ദാരുണമായ രീതിയില്‍ ജീവനൊടുക്കാന്‍ കാരണമായത്  'കൊറിയന്‍ ലവ്' എന്ന ടാസ്ക് ബേസ്ഡ് ഗെയിമെന്ന് പ്രാഥമികഅന്വേഷണത്തില്‍  കണ്ടെത്തല്‍. 16ഉം 14ഉം 12ഉം വയസുള്ള സഹോദരിമാരാണ് തങ്ങള്‍ ഇന്ത്യക്കാരല്ലെന്നും കൊറിയന്‍ രാജകുമാരിമാരാണെന്നും കരുതി, യഥാര്‍ഥ ജീവിതത്തില്‍ നിന്നും മാറി ഭ്രമാത്മകമായ മറ്റൊരു ലോകത്തില്‍ വിശ്വസിച്ച് പാര്‍പ്പിട സമുച്ചയത്തിന്‍റെ ഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ചത്. .  ‘സോറി പപ്പാ’ എന്നെഴുതിവച്ച കുറിപ്പ് ബാക്കിയാക്കിയാണ് രണ്ട് വർഷം മുന്‍പ് സ്കൂളിൽ പോകുന്നത് പോലും നിർത്തി ഗെയിമിന്‍റെ നീരാളിക്കുരുക്കില്‍ കുടുങ്ങിപ്പോയ പഖി(12), പ്രാചി(14), വിഷിക(16) എന്നീ പെണ്‍കുട്ടികള്‍ ജീവിതം വേണ്ടെന്ന് വച്ചത്.  2017ലാണ് ‘ബ്ലൂവെയില്‍’എന്ന പേരിലുള്ള ക്രൂരമായ ഗെയിം ചാലഞ്ച് കുട്ടികളെ ജീവനെടുക്കുന്ന സംഭവം ഇന്ത്യയില്‍‌ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 2018-ൽ അതേ മാതൃക പിന്തുടര്‍ന്ന് വന്ന 'മോമോ ചലഞ്ചും’ സ്വയം ഹാനികരമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഗെയിം ആയിരുന്നു. ഇപ്പോഴിതാ ആശങ്കപ്പെടുത്തുന്ന പുതിയ കൊറിയന്‍ പതിപ്പും സമാനമായ രീതിയില്‍ പ്രചരിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ വെളിപ്പെടുന്നത്.

 

എന്താണ് 'കൊറിയൻ ലവ് ഗെയിം'?

 

ഗാസിയാബാദിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷത്തിലാണ് ‘കൊറിയന്‍ ലവ് ഗെയി’മിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. അജ്ഞാതനായ ഒരാൾ സോഷ്യൽ മീഡിയയിലോ ചില മൊബൈൽ ആപ്പുകൾ വഴിയോ കുട്ടികളുമായി സംഭാഷണം തുടങ്ങുന്നിടത്താണ് ഗെയിം ആരംഭിക്കുന്നത്. ഈ വ്യക്തി ഒരു കൊറിയൻ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു വിദേശ പൗരനാണെന്ന് അവകാശപ്പെടുകയും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്യും. തുടര്‍ന്ന് ഏറെക്കുറെ കുട്ടികളുടെ വിശ്വാസം സ്ഥാപിച്ചശേഷം ആദ്യം അർദ്ധരാത്രിയിൽ എഴുന്നേൽക്കുക പോലുള്ള ലളിതമായ ടാസ്‌കുകള്‍ നല്‍കും. ക്രമേണ ടാസ്കുകളുടെ കാഠിന്യം കൂടുകയും ‘ഗെയിം മാസ്റ്റര്‍’ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ 50 ദിവസത്തോളം തുടര്‍ച്ചയായ ടാസ്കുകള്‍ നല്‍കുംയ 50ആമത്തെ ടാസ്ക് ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗൈസിയാബാദിലെ സഹോദരിമാരുടെ മരണത്തെ ഇതുവരെ പൊലീസ് പൂര്‍ണമായും ഈ ഗെയിമുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും കുട്ടികളുടെ ഗെയിം ആസക്തി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികളും മരിക്കുന്നതിന് മുന്‍പ് തങ്ങളെ കൊറിയന്‍ പേരുകളില്‍  സ്വയം പറയാന്‍ തുടങ്ങിയിരുന്നുവെന്ന് കുട്ടികളുടെ അച്ഛന്‍ സ്ഥിരീകരിച്ചു. കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഞങ്ങളുടെ ജീവിതം കൊറിയയാണ്, എന്ത് പറഞ്ഞാലും അത് ഉപേക്ഷിക്കാന്‍ കഴിയില്ല’ എന്ന മറുപടിയായിരുന്നു കുട്ടികള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 

 

എന്താണ് 'ബ്ലൂ വെയ്ൽ' ഗെയിം?

 

റഷ്യയിൽ നിന്ന് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന 'ബ്ലൂ വെയിൽ ചലഞ്ചിൽ' 50 ദിവസത്തോളം നീളുന്ന ടാസ്കുകളാണുള്ളത്. 50 ദിവസം നീളുന്ന കളിയില്‍ ഒരു ഓണ്‍ലൈന്‍ അഡ്‍മിന്‍ ആണ് കളിക്കുന്നയാള്‍ക്ക് ടാസ്‍ക്കുകള്‍ നല്‍കുന്നത്. ഓരോ ഘട്ടം കഴിയുമ്പോളും കളിക്കുന്നയാള്‍ ടാസ്‍ക് പൂര്‍ത്തിയാക്കിയതിന്‍റെ ഫോട്ടോയെടുത്ത് അഡ്‍മിന് നല്‍കി അനുമതി വാങ്ങണം. ആദ്യ ഘട്ടങ്ങള്‍ എളുപ്പമുള്ളവയാണെങ്കിലും പിന്നീട് കളിയുടെ സ്വഭാവം മാറും. സ്വയം മുറിപ്പെടുത്താനും മറ്റും ആവശ്യപ്പെടും. ഒരു വ്യക്തിയെ ആത്മഹത്യ ചെയ്യാന്‍ മാനസികമായി തയ്യാറെടുപ്പിക്കുന്നതിനുള്ള കാര്യങ്ങളാണിവ. ഗെയിമിന്‍റെ അവസാനത്തെ ടാസ്കാണ് ജീവനൊടുക്കല്‍. നീലത്തിമിംഗലങ്ങളുടെ പെരുമാറ്റത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ചില തിമിംഗലങ്ങള്‍ മനഃപൂര്‍വം കടല്‍ത്തീരത്തേക്ക് എത്തുകയും അത് അവയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ബ്ലൂ വെയില്‍ കേസ് മുംബൈയില്‍ നിന്നാണ്. 

 

മോമോ ചലഞ്ച്

 

2018-ലാണ് സമാന സ്വഭാവമുള്ള ‘മോമോ ചലഞ്ച്’ എന്ന പേരിലുള്ള സാഹസിക ഗെയിമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. 'മോമോ' എന്ന പേരിൽ അജ്ഞാതരായ ആളുകള്‍ കുട്ടികളുടെ കോണ്‍ടാക്ടുകളിലേക്ക് കടന്നുവരുന്നു. ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചു നീങ്ങാൻ തയ്യാറായില്ലെങ്കിൽ ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ അയച്ചു തുടങ്ങും. ഈ ഗെയിമിലും തുടക്കത്തില്‍ ലളിതമായ ടാസ്കുകള്‍ ഏല്‍പ്പിക്കുകയും പിന്നീട് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.  അർജന്‍റീനയിൽ പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ മോമോ ചലഞ്ചാണെന്ന സംശയം ഉയർന്നതോടെയാണ് ലോകം മോമോ ചലഞ്ച് എന്ന ഗെയിമിനെ പേടിയോടെ കാണാന്‍ തുടങ്ങിയത്.

 

കൊറിയൻ ലവ് ഗെയിം അന്വേഷണം

 

ഗാസിയാബാദ് സഹോദരിമാരുടെ മരണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ മൊബൈല്‍ ആപ്പ് വഴിയാണ് കുട്ടികള്‍ ഗെയിമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഞാൻ വളരെ ഒറ്റയ്ക്കാണ്’ എന്ന വാചകം കുട്ടികളുടെ കിടപ്പുമുറി ഭിത്തിയില്‍ കണ്ടെടുത്തിരുന്നു. കരയുന്ന മുഖമുള്ള ഇമോജിയും ‘സോറി പപ്പ, ഐ ആം റിയലി സോറി’ എന്ന് എഴുതിയ കുറിപ്പും മുറിയിലെ ഡയറിയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, മധ്യപ്രദേശിലെ ഇൻഡോറിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയുടേതുൾപ്പെടെ അടുത്തിടെ നടന്ന മറ്റ് ആത്മഹത്യകളും ഈ ക്രൂരമായ 'ഗെയിമുമായി' ബന്ധപ്പെട്ടിരിക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

Korean Love game is a dangerous new task-based game linked to the tragic suicide of three sisters in Ghaziabad. This game, similar to Blue Whale and Momo Challenge, involves manipulating children through online interactions and assigning increasingly dangerous tasks, culminating in suicide