gaziya

TOPICS COVERED

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂത്തിയാകാത്ത മൂന്ന് സഹോദരിമാർ ജീവനൊടുക്കിയതിൽ ദുരൂഹത. പെൺകുട്ടികളുടെ പിതാവിന് രണ്ട് കോടി രൂപയുടെ കടമുണ്ടെന്ന് പൊലീസ്. കൊറിയൻ ഗെയിം തന്നെയാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല.  

 

ഓഹരി വിപണി വ്യാപാരത്തിലൂടെയാണ് ഗാസിയാബാദിൽ ജീവനൊടുക്കിയ മൂന്ന് സഹോദരിമാരുടെ പിതാവ് ചേതൻ കുമാറിന് രണ്ട് കോടി രൂപയുടെ കടമുണ്ടായത്. കടബാധ്യതയുടെ പേരിൽ കുടുംബം വലിയ സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചേതൻ കുമാർ സഹോദരിമാരായ രണ്ടുപേരെയാണ് വിവാഹം കഴിച്ചത്. മരിച്ച ഒരാൾ ഒന്നാം ഭാര്യയിലുള്ള കുട്ടിയും മറ്റുരണ്ടുപേരും രണ്ടാം ഭാര്യയിലുള്ള കുട്ടികളുമാണ്. കോവിഡ് കാലം മുതൽ മൂന്ന് സഹോദരിമാരെയും പിതാവ് സ്കൂളിൽ വിട്ടിരുന്നില്ല. ചേതൻ കുമാറിന്റെ മക്കളായ 16കാരി നിഷിക, 14കാരി പ്രാചി, 12 കാരി പഖി എന്നിവരാണ് മരിച്ചത്. 

 

പെൺകുട്ടികൾ കൊറിയൻ സീരീസുകളുടെ കടുത്ത ആരാധകരായിരുന്നു. കൊറിയൻ ഭാഷയിൽ സംസാരിച്ചിരുന്ന ഇവർ സ്വന്തം പേരുകൾക്ക് പകരം കൊറിയൻ പേരുകളാണ് പരസ്പരം വിളിച്ചിരുന്നത്. പിതാവിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. എട്ട് പേജുകളുള്ള കുറിപ്പ് പെൺകുട്ടികളുടെ മുറിയിൽനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കരയുന്ന മുഖമുള്ള ഇമോജിയും ‘സോറി പപ്പ, ഐ ആം റിയലി സോറി’ എന്ന വരികളുമാണ് ആദ്യത്തെ പേജിലുള്ളത്. കുറിപ്പിൽ ‘ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ട ഗെയിമാണ് നിങ്ങൾ തടഞ്ഞതെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്നും, ഗെയിം ഇല്ലാതെ ഞങ്ങൾക്ക് ജീവിക്കാനാവില്ല, ഇതാണ് ഞങ്ങളുടെ ലോകമെന്നും’ എഴുതിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ സഹോദരിമാർ കൊറിയയിൽ നിന്നുള്ള ഒരു ഓൺലൈൻ ടാസ്ക് ഗെയിം കളിച്ചിരുന്നതായും പിതാവ് മൊബൈൽ പിടിച്ചുവച്ചതും ഗെയിം കളിക്കുന്നത് വിലക്കിയതിലും മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ, ഇവരുടെ ഫോണിൽ ഇത്തരത്തിലുള്ള ഗെയിമുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. 

ENGLISH SUMMARY:

Ghaziabad sisters suicide is a tragic event where three minor sisters ended their lives in Uttar Pradesh. Police are investigating the cause, looking into a significant family debt and the possibility of influence from a Korean online game, though no definitive evidence has been found yet.