ചെന്നൈയില്‍ ട്രെയിനിന്‍റെ എന്‍ജിന് മുകളില്‍ കയറി നിന്ന് യുവതി. താംബരം റെയിൽവേ സ്റ്റേഷനിലായിരുന്നു യാത്രക്കാരെയും റെയില്‍വേ ഉദ്യോഗസ്ഥരെയും പരിഭ്രാന്തരാത്തി യുവതിയുടെ സാഹസികത. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഫ്ലൈഓവറിനടുത്ത് നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ എന്‍ജിനു മുകളിലാണ് യുവതി കയറിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ യുവതി യാതൊരു കൂസലുമില്ലാതെ ട്രെയിന്‍ എന്‍ജിന്‍റെ മുകളില്‍ നില്‍ക്കുന്നത് കാണാം. ഉയർന്ന വോൾട്ടേജുള്ള ഓവർഹെഡ് വൈദ്യുതി ലൈൻ സ്പര്‍ശിക്കാന്‍ യുവതി ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കാഴ്ച കണ്ട് ഭയന്ന യാത്രക്കാരാണ് വിവരം റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. റെയില്‍വേ ജീവനക്കാര്‍ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും റൂട്ടിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതു. പിന്നാലെ റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പോലീസും സ്ഥലത്തെത്തി. ഇവരില്‍ ഒരു സംഘം എന്‍ജിന് മുകളില്‍ കയറിയാണ് യുവതിയെ താഴെയിറക്കിയത്. യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നാല്‍പ്പത് വയസ് പ്രായം തോന്നിപ്പിക്കുന്ന യുവതി ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. എന്തിനാണ് യുവതി എന്‍ജിന് മുകളില്‍ കയറിയത് എന്നതിലും അന്വേഷണം നടക്കുകയാണ്.
അതേസമയം, കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവത്തില്‍ ഒരു യുവാവ് ഇലക്ട്രിക് ട്രെയിനിന്‍റെ ക്യാബിനില്‍ കയറി അത് ഓടിക്കാന്‍ ശ്രമിച്ചിരുന്നു. താംബരം റെയില്‍വേ സ്റ്റേഷനിലായിരുന്നു ഇതും നടന്നത്. മദ്യപിച്ച ലക്കുകെട്ട ഉത്തരേന്ത്യൻ യുവാവാണ് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ക്യാബിനിൽ കയറിയത്. പിന്നാലെ റെയിൽവേ ജീവനക്കാർ അയാളെ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ ജൂണിൽ തെലങ്കാനയില്‍ റെയിൽവേ ട്രാക്കിലൂടെ ഒരു സ്ത്രീ കാർ ഓടിച്ചു കൊണ്ടുപോയതും വാര്‍ത്തയായിരുന്നു.