Screengrab: instagram.com/kiddaannews
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാന്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ എസ്യുവി 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 20കാരനായ യുവാവിന് ഗുരുതര പരുക്ക്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ഗുജ്ജര്‍വാടി ഘട്ടിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കെയാണ് വണ്ടിയും യുവാവുമായി കൊക്കയിലേക്ക് പതിച്ചത്. 20കാരനായ സഹില്‍ ജാദവും നാല് സുഹൃത്തുക്കളുമാണ് റീല്‍സ് ചിത്രീകരിക്കുന്നതിനായി വാഹനവുമായി എത്തിയത്. സുഹൃത്തുക്കള്‍ വിഡിയോ ചിത്രീകരിക്കുകയും സഹില്‍ സാഹസികമായി വാഹനമോടിക്കാന്‍ തയ്യാറെടുപ്പ് നടത്തുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അതിമനോഹരമായ കുന്നിന്‍മുകളിലേക്ക് മിനി എസ്യുവിയുമായെത്തിയ സഹിലും കുട്ടുകാരും കാര്‍ റിവേഴ്സ് ഗീയറിലിട്ട് വട്ടത്തില്‍ കറക്കുന്നതിന്‍റെ വിഡിയോ ചിത്രീകരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ റിവേഴ്സിട്ട് ആറാം സെക്കന്‍റില്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയും 300 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സഹില്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നനഞ്ഞു കിടന്ന പുല്ലില്‍ വാഹനത്തിന് ഗ്രിപ്പ് കിട്ടാതിരുന്നതിനെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം നാട്ടുകാര്‍ അറിഞ്ഞതും പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ ഒരു സംഘം പൊലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. അപകടകരമായി വാഹനമോടിച്ചതിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.