Chennai: National Security Advisor Ajit Doval addresses a gathering during the 62nd Convocation of IIT Madras, in Chennai, Friday, July 11, 2025. (PTI Photo)(PTI07_11_2025_000065A)

Chennai: National Security Advisor Ajit Doval addresses a gathering during the 62nd Convocation of IIT Madras, in Chennai, Friday, July 11, 2025. (PTI Photo)(PTI07_11_2025_000065A)

ഓപറേഷന്‍ സിന്ദൂറിന് തിരിച്ചടിയായി പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും പാക് മിസൈലുകളെയെല്ലാം ഇന്ത്യന്‍ വ്യോമപ്രതിരോധം തകര്‍ത്തുവെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. താന്‍ പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കുന്ന ഒരു ചിത്രമെങ്കിലും പുറത്തുവിടാന്‍ അദ്ദേഹം വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ചു. 

മദ്രാസ് സര്‍വകലാശാലയില്‍ നടന്ന കോണ്‍വൊക്കേഷന്‍ ചടങ്ങിനിടെയാണ് അജിത് ഡോവലിന്‍റെ വെളിപ്പെടുത്തല്‍. ഇന്ത്യ–പാക് സംഘര്‍ഷമുണ്ടായപ്പോള്‍ വിദേശ മാധ്യമങ്ങളെല്ലാം കൃത്യമായി പാക് പക്ഷം പിടിച്ചാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് മേല്‍ രൂക്ഷമായ ആക്രമണം നടത്തിയെന്നും വന്‍ നാശനഷ്ടം ഇന്ത്യയ്ക്ക് സംഭവിച്ചുവെന്നും ആളുകള്‍ക്ക് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകളത്രയും പുറത്തുവന്നത്. എന്നാല്‍ ഇതിനൊന്നിനും തെളിവുകളുണ്ടായിരുന്നില്ല. പക്ഷേ ഇന്ത്യയാവട്ടെ, പാക് വ്യോമത്താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെയെല്ലാം ചിത്രങ്ങള്‍ സഹിതമാണ് ലോകത്തെ കാണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 

' പാക്കിസ്ഥാന്‍ വലിയതെന്തോ ചെയ്തെന്ന് വിദേശമാധ്യമങ്ങള്‍ പറയുന്നു, ഒരു ഫൊട്ടോ...ഒറ്റച്ചിത്രം കാണിച്ചു തരൂ.. ഇന്ത്യയിലെ ഒരു കെട്ടിടമോ എന്തിന് ജനാലയുടെ ചില്ലോ പൊട്ടിയത് കാണിച്ചാലും മതി. പാക്കിസ്ഥാനിലെ 13 വ്യോമത്താവളങ്ങളില്‍ നാശം വിതച്ചതിന്‍റെ ചിത്രങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്. അത് ലോകത്തെ കാണിച്ചതുമാണ്. അത് സര്‍ഗോധയാണെങ്കിലും റഹിം യാര്‍ ഖാനാണെങ്കിലും ചാക്​ലയാണെങ്കിലും തെളിവുണ്ട്'- അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയില്‍ ഇരുന്ന് തന്നെ പാക്കിസ്ഥാനുള്ളില്‍ അതും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നാശം വിതയ്ക്കാനുള്ള ശക്തി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മേയ് ഒന്‍പതിനും പത്തിനുമാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍റെ വ്യോമത്താവളങ്ങളിലേക്ക് ബ്രഹ്മോസടക്കം പ്രയോഗിച്ചത്. പാക്കിസ്ഥാന്‍റെ ചൈനീസ് ആയുധങ്ങളെയെല്ലാം ഇന്ത്യന്‍ വ്യോമപ്രതിരോധം നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. പാക് വ്യോമത്താവളത്തിലേക്കുള്ള റണ്‍വേ, വിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാങറുകള്‍ , കെട്ടിടങ്ങള്‍ എന്നിവയടക്കം തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഓപറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ആയുധങ്ങളും പ്രയോഗിച്ച സാങ്കേതിക വിദ്യകളുമടക്കം തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ പ്രകാരമാണ് പദ്ധതി നടത്തിയത്. ജനവാസ മേഖലയിലെങ്ങും ഇന്ത്യ ആക്രമിച്ചില്ലെന്നും 23 മിനിറ്റില്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഡോവല്‍ പറഞ്ഞു. 

ENGLISH SUMMARY:

National Security Advisor Ajit Doval stated that India suffered no damage from Pakistan's retaliatory attacks, challenging foreign media to produce even a single photo of destruction in India. He highlighted India's clear evidence of strikes on 13 Pakistani airbases, emphasizing India's strategic reach.