അനുമതിയില്ലാതെ യുവതിയുടെ ദൃശ്യങ്ങളെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് ബംഗളൂരുവില്‍ പിടിയില്‍. വിഡിയോ പ്രചരിച്ചതിനു പിന്നാലെ പല അക്കൗണ്ടുകളില്‍ നിന്നായി യുവതിക്ക് അശ്ലീലസന്ദേശങ്ങള്‍ വന്നു. പിന്നാലെ 26കാരനായ ഗുരുദീപ് സിങ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെ പല ഭാഗങ്ങളില്‍ നിന്നായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഗുരുദീപ് സിങ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ചര്‍ച്ച് സ്ട്രീറ്റ്, കൊറമങ്കല ഉള്‍പ്പെടെയുള്ള സ്്ഥലങ്ങളിലൂടെ യുവതി നടന്നുപോകുന്നതുള്‍പ്പെടെയുള്ള വിഡിയോ ആണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തന്റെ അനുമതിയില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നും എത്രയും വേഗം ഇവ ഡിലീറ്റ് ചെയ്യണമെന്നും യുവതി സോഷ്യല്‍മീഡിയയിലൂടെ തന്നെ ആവശ്യപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പിന്നാലെയാണ് അപരിചിതരില്‍ നിന്നും അശ്ലീലസന്ദേശങ്ങള്‍ യുവതിക്ക് ലഭിച്ചത്.
താന്‍ ഒരു വിദ്യാര്‍ഥിനിയാണെന്നും ഇയാള്‍ പിന്നാലെ നടന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും പറയുന്ന വിഡിയോ യുവതി പോസ്റ്റ് ചെയ്തു. ‘സ്ട്രീറ്റ് സീന്‍സ്’എന്ന പേജിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. പക്ഷേ സ്ത്രീകളറിയാതെ അവരുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈ പേജ് ഉടമ ചെയ്യുന്നതെന്ന് യുവതി ആരോപിച്ചു. ഏകദേശം പതിനായിരത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടാണിത്.
ബാംഗ്ലൂര്‍ സിറ്റി പൊലീസിനേയും സൈബര്‍ക്രൈംസിഐഡിയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു യുവതിയുടെ പോസ്റ്റ്. യുവതിയുടെ പരാതിക്ക് പിന്നാലെ അക്കൗണ്ടിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗുരുദീപ് സിങ്ങിനെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.