എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ബെംഗളൂരുവിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായെന്ന 22 കാരിയായ മലയാളി വിദ്യാർഥിനിയുടെ പരാതി വ്യാജമെന്ന് പൊലീസ്. ഒരു ക്യാബ് ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ അന്വേഷണത്തില്‍ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും വാട്ട്‌സ്ആപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പരാതി വ്യാജമെന്ന് തെളിയിക്കാന്‍ പൊലീസിനെ സഹായിച്ചത്. ഒപ്പം പൊലീസ് ചോദ്യം ചെയ്യലിൽ യുവതി പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതും അന്വേഷണത്തില്‍ നിര്‍ണായകമായി.

ബെംഗളുരുവിലെ സ്വകാര്യ കോളജിലെ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. ഡിസംബർ 2 ന് രാത്രി സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം ക്യാബ് ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. മഡിവാല സ്റ്റേഷനിലാണ് യുവതി ആദ്യം പരാതിയുമായി എത്തിയത്. കാമുകനും ഒപ്പമുണ്ടായിരുന്നു. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പരാതിയില്‍ പറയുന്നത് പ്രകാരം കൃത്യം നടന്നത് ബനസ്വാഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയായിരുന്നു.

വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ വസതിയിൽ വെച്ച് 33 കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തുടക്കം മുതലേ യുവാവ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പിന്നാലെ അന്വേഷണത്തിന്‍റെ ഭാഗമായി സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ ഡിസംബർ 2 ന് രാത്രി 11.30 നും ഡിസംബർ 3 ന് പുലർച്ചെ 5.30 നും ഇടയിൽ റെയിൽവേ സ്റ്റേഷനിൽ യുവതിയും ക്യാബ് ഡ്രൈവറും ഒരുമിച്ച് നിൽക്കുന്നത് പൊലീസ് കണ്ടെത്തി. എന്നാല്‍ ഡ്രൈവറുടെ സുഹൃത്തുക്കളായി ആരും തന്നെ ദൃശ്യങ്ങളില്‍ ഇല്ലായിരുന്നു. ക്യാബിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും ഒരുമിച്ച് നടക്കുന്നതും കാറില്‍ കയറുന്നതും സ്റ്റേഷനിൽ ചുറ്റിനടക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പുലർച്ചെ 5.30 ന് യുവതി എറണാകുളത്തേക്കുള്ള ട്രെയിനില്‍ കയറുകയും ചെയ്തു.

പൊലീസിന്‍റെ അന്വേഷണത്തില്‍ യുവതിയും ക്യാബ് ഡ്രൈവറും പരിചയക്കാരായിരുന്നുവെന്ന് തെളിഞ്ഞു. ഡിസംബർ 3 മുതൽ യുവതി ഡ്രൈവര്‍ക്ക് നിരവധി സന്ദേശങ്ങൾ അയച്ചിരുന്നെന്നും ഇത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത് എന്നതിലേക്ക് വിരല്‍ച്ചൂണ്ടുന്നതാണെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍, കഴുത്തിലെ പോറലുകളെക്കുറിച്ച് കാമുകന്‍ ചോദിച്ചപ്പോള്‍ രക്ഷപ്പെടാനാണ് ബലാല്‍സംഗത്തിനിരയായി എന്ന് പറഞ്ഞതെന്ന് യുവതി സമ്മതിച്ചു. യുവതിയെ വിശ്വസിച്ച കാമുകനാണ് പരാതി നല്‍കാന്‍ നിര്‍ബന്ധിച്ച് സ്റ്റേഷനില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

അന്വേഷണത്തിനിടെ യുവതി പലതവണ മൊഴി മാറ്റിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂട്ടബലാല്‍സംഗത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നടന്നത് കൂട്ടബലാല്‍സംഗമല്ല മറിച്ച് ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നും പൊലീസ് പറയുന്നു. അതേസമയം, യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ ക്യാബ് ഡ്രൈവര്‍ കസ്റ്റഡിയില്‍ തന്നെ തുടരുന്നതായാണ് റിപ്പോര്‍ട്ട്. യുവതി പരാതി നല്‍കിയതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ENGLISH SUMMARY:

A gang rape complaint filed by a 22-year-old Malayali nursing student in Bengaluru against a cab driver and his friend was found to be false after police investigation. Evidence, including CCTV footage and WhatsApp chats between the student and the cab driver, confirmed the encounter was consensual. The woman initially alleged she was gang-raped near Sir M. Visvesvaraya Terminal on December 2. However, continuous questioning revealed the woman fabricated the story to explain injuries to her boyfriend, who then pressured her to file the complaint. While the cab driver, a 33-year-old father of two, remains in custody, police stated there is no evidence of gang rape.