TOPICS COVERED

ഛത്തിസ്‌ഗഡില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത ആരോപണവുമായി പ്രമുഖ ഹോട്ടലുടമ രംഗത്ത്. ദന്തേവാഡ ഡിഎസ്പി കല്‍പനാ വര്‍മയ്ക്കെതിരെ ദീപക് ടണ്ടന്‍ ആണ് ഹണിട്രാപ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രണയം നടിച്ച് തന്നെ കുരുക്കിലാക്കി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ടണ്ടന്‍ ആരോപിക്കുന്നത്.

2021ല്‍ പരിചയപ്പെട്ട താനുമായി ഡിഎസ്പി പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നല്‍കി രണ്ട് കോടി രൂപയ്ക്കുമേലെ കൈക്കലാക്കിയെന്നും ഹോട്ടലുടമ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 12 ലക്ഷത്തിന്‍റെ വജ്രമോതിരം, 5 ലക്ഷം മൂല്യമുള്ള സ്വര്‍ണം, ഒരു ലക്ഷത്തിന്‍റെ ബ്രേസ്‌ലെറ്റ്, ഒരു ഇന്നോവ ക്രിസ്റ്റ എസ്‌യുവി എന്നിവയെല്ലാം ഡിഎസ്പിക്ക് വാങ്ങിച്ചുകൊടുത്തുവെന്നും ഹോട്ടലുടമ പറയുന്നു. റായ്‌പൂര്‍ വിഐപി റോഡിലുള്ളതന്റെ ഒരു ഹോട്ടല്‍ ഡിഎസ്പിയുടെ സഹോദരന്‍റെ പേരിലേക്കും പിന്നാലെ സ്വന്തം പേരിലേക്കും എഴുതിമാറ്റി. വീണ്ടും പല ആവശ്യങ്ങളും പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുരുക്കുമെന്ന് പറയുകയും ചെയ്തതായും ടണ്ടന്‍ ആരോപിക്കുന്നു.

വാട്സാപ് ചാറ്റ്, സിസിടിവി ദൃശ്യം, മറ്റു ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ഹോട്ടലുടമ ഹാജരാക്കി പരാതി നല്‍കിയെങ്കിലും കമര്‍ദിഹ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുയര്‍ന്നു. ഡിഎസ്‌പി കൽപ്പനയുടെ പിതാവ് ഹേമന്ത് വർമ്മ രണ്ട് മാസം മുൻപ് പാണ്ഡ്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഈ വിവാദം കൂടുതൽ സങ്കീർണ്ണമായത്. മുൻപുണ്ടായ ഒരു ബിസിനസ് ഇടപാടിൽ ദീപക് ടണ്ടന്‍ തനിക്ക് പണം നൽകാനുണ്ടെന്നും, ഈടായി ദീപക്ക് ടണ്ടന്‍റെ ഭാര്യ നൽകിയ ചെക്ക് മടങ്ങിയെന്നും ആരോപിച്ചായിരുന്നു പരാതി.

ചെക്ക് മടങ്ങിയ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്, ഈ കേസിൽ ഹോട്ടലുടമയുടെ ഭാര്യ ബർഖ ടണ്ടനെ പൊലീസ് പതിവായി വിളിപ്പിക്കാറുണ്ട്. ദീപക് ടണ്ടന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പിതാവുമായുള്ള ബിസിനസ് തര്‍ക്കത്തിലേക്ക് തന്നെക്കൂടി വലിച്ചിഴയ്ക്കുകയാണെന്നും കല്‍പന പറഞ്ഞു. വാട്സാപ് ചാറ്റുകളും ഫോട്ടോകളും വ്യാജമാണെന്നും ഹോട്ടലുടമയുടെ ഭാര്യയില്‍ നിന്നാണ് രേഖകളെല്ലാം നല്‍കി കാര്‍ വാങ്ങിയതെന്നും കല്‍പന വ്യക്തമാക്കി. ചെക്ക് മടങ്ങിയ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും കല്‍പന പറയുന്നു.

അതേസമയം കല്‍പന തന്നെ സാമ്പത്തികമായും വൈകാരികമായും ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നെന്ന ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ടണ്ടന്‍. ഇരുഭാഗത്തും ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളും പരാതി രേഖകളും പരിശോധിക്കുകയാണ് ഛത്തീസ്ഗഡ് പൊലീസ്.

ENGLISH SUMMARY:

DSP Kalpana Verma is at the center of a controversy involving allegations of honey trapping and financial fraud. Hotel owner Deepak Tandon accuses her of deceit and extortion, while she counters with claims of business disputes and fabricated evidence.