Image Credit: x.com/manojpehu
തേനീച്ചക്കൂട് ഇളകി വിമാനത്തിന്‍റെ ലഗേജ് ബോക്സിനെ പൊതിഞ്ഞതോടെ സൂറത്തില്‍ നിന്നും ജയ്പുറിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഒരു മണിക്കൂര്‍ വൈകി. സൂറത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെല്ലാം വിമാനത്തിനുള്ളില്‍ കയറിയതിന് പിന്നാലെയാണ് ലഗേജ് ബോക്സിന്‍റെ വാതിലിനടുത്ത് തേനീച്ചകള്‍ പൊതിഞ്ഞിരിക്കുന്നത് വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം കുറച്ച് വൈകുമെന്ന് യാത്രക്കാരെ വിവരമറിയിച്ചു.
വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാര്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.തേനീച്ചക്കൂട്ടത്തെ തുരത്തുന്നതിനായി ആദ്യം പുക പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. തുടര്‍ന്ന് അഗ്നിരക്ഷ സേനയെത്തി ലഗേജ് വാതിലിലേക്ക് ശക്തിയായി വെള്ളം സ്പ്രേ ചെയ്തതോടെയാണ് തേനീച്ചകള്‍ പിടിവിട്ടത്. ക്ലിയറന്‍സ് ലഭിച്ചതിന് പിന്നാലെ വിമാനം ജയ്പുറിലേക്ക് പറന്നുയരുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം 4.20 ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ 6E-7267 വിമാനമാണ് തേനീച്ചക്കൂട്ടം തടസം സൃഷ്ടിച്ചതോടെ വൈകിയത്. 5.26നാണ് വിമാനം പിന്നീട് യാത്ര ആരംഭിച്ചത്.