**EDS: SCREENSHOT VIA PTI VIDEOS** Cuddalore: People gather near the wreckage of a vehicle after a school van was allegedly hit by a passing train while attempting to cross a railway track, in Cuddalore, Tamil Nadu, Tuesday, July 8, 2025. (PTI Photo) (PTI07_08_2025_000033B)
കടലൂരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഗേറ്റ് കീപ്പര്‍ പങ്കജ് ശര്‍മയുടെ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ട്രെയിന്‍ വരുന്നതിന് മുന്നോടിയായി ഗേറ്റ് അടച്ചിട്ടു. എന്നാല്‍ ട്രെയിന്‍ ലേറ്റാകുമെന്നും വേഗം വണ്ടിയെടുത്ത് പൊയ്ക്കോളാമെന്നും സ്കൂള്‍ ബസ് ഡ്രൈവര്‍ ഗേറ്റ്മാനോട് പറഞ്ഞു. വഴങ്ങാതെ വന്നതോടെ നിര്‍ബന്ധിച്ചു. ഇതോടെ ഗേറ്റ് തുറന്ന് നല്‍കുകയായിരുന്നു. ഗേറ്റ് തുറന്നതും സ്കൂള്‍ ബസ് ട്രാക്കിലേക്ക് കയറി. ഈ സമയം ട്രെയിന്‍ പാഞ്ഞെത്തുകയും ബസ് ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
രാവിലെയുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സെമ്മാന്‍കുപ്പം ഗേറ്റില്‍ രാവിലെ ഏഴേ മുക്കാലോടെയാണ് അപകടമുണ്ടായത്. സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വില്ലുപുരം–മയിലാടുംതുറൈ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകാനിരിക്കെയാണ് ഡ്രൈവര്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ നിര്‍ബന്ധിച്ചതും അപകടം സംഭവിച്ചതും. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.
സംഭവത്തിന് പിന്നാലെ ഗേറ്റ് കീപ്പറെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. പരുക്കേറ്റ കുട്ടികളെ കടല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഗേറ്റ് കീപ്പറെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു റയില്‍വേയും തമിഴ്നാട് സര്‍ക്കാരും 5 ലക്ഷം രൂപ വീതം നല്‍കും. പരുക്കേറ്റവര്‍ക്കു റയില്‍വേ 2.5 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. സംഭവത്തില്‍ റെയില്‍വെയും സംസ്ഥാന പൊലീസും അന്വേഷണം ആരംഭിച്ചു.