മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. ദിവസങ്ങള്‍ക്ക് മുമ്പ് മണിയൻപിള്ള രാജുവും വാഹനാപകടത്തില്‍പ്പെട്ടിരുന്നു. ഇപ്പോള്‍ സംഭവിച്ച അപകടത്തില്‍ നിരഞ്ജ് ഉൾപ്പടെയുള്ള സിനിമാ താരങ്ങൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
'മസ്തിഷ്കമരണം' എന്ന സിനിമയുടെ പ്രമോഷനായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. "വന്ന വഴിക്ക് വണ്ടി തട്ടി. എനിക്ക് കുഴപ്പമൊന്നും ഇല്ല, വണ്ടിക്ക് നല്ല പ്രശ്നമുണ്ട്. ഒരു കെ.എസ്.ആർ.ടി.സി ബസ് ആണ് ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത്. വളവ് തിരിഞ്ഞപ്പോഴാണ് ബസ് വന്നു ഇടിച്ചത്. എന്തായാലും കുഴപ്പമൊന്നും ഇല്ല," നിരഞ്ജ് മണിയൻപിള്ള രാജു പറഞ്ഞു.
ഫെബ്രുവരി ആറിന് രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ചാണ് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. താരം ഓടിച്ചിരുന്ന കാർ 2 യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതും വലിയ ചർച്ചയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജു, ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് വെളിപ്പെടുത്തിയിരുന്നു.