മഹാരാഷ്ട്രയിലെ നാസികില്‍ മെഡിക്കല്‍ കോളജിലെ ലിഫ്റ്റിൽ തല കുടുങ്ങി ജീവനക്കാരിക്ക് ഗുരുതര പരുക്ക്. ശസ്ത്രക്രിയാ വിഭാഗത്തിൽ ജോലി ചെയ്യുന്ന അന്‍പതുകാരി ജ്യോതി ശിവാജി അഹിരെയ്ക്കാണ് പരുക്കേറ്റത്. ശസ്ത്രക്രിയാ ഉപകരണങ്ങൾ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ലിഫ്റ്റിലാണ് തല കുടുങ്ങിയത്.

തിങ്കളാഴ്ചയാണ് സംഭവം. ജ്യോതി ലിഫ്റ്റിൽ ചാരി നില്‍ക്കവേയാണ് അപകടമുണ്ടായത്. ലിഫ്റ്റ് പെട്ടെന്ന് നീങ്ങിയപ്പോള്‍ തല കുടുങ്ങുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടം ശ്രദ്ധിച്ച മറ്റൊരു ജീവനക്കാരൻ ആശുപത്രിയിലുള്ള മറ്റുള്ളവരെ വിവരമറിയിക്കുകയും രക്ഷയ്ക്കായി ഓടിയെത്തുകയുമായിരുന്നു. എല്ലാവരും ചേര്‍ന്ന് മിനിറ്റുകളോളം പരിശ്രമിച്ചിട്ടാണ് ജ്യോതിയുടെ തല ലിഫ്റ്റില്‍‌ നിന്നും പുറത്തെടുക്കുന്നത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍സയിലാണ് ജ്യോതി.

അതേസമയം, ജ്യോതിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. വസന്തറാവു പവാർ മെഡിക്കൽ കോളജ്, ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിനെതിരെ പൊലീസ് അശ്രദ്ധയ്ക്ക് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് ശേഷം പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍, ഇത് ആളുകള്‍ക്കായുള്ള ലിഫ്റ്റ് അല്ലെന്നും മറിച്ച് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഒരു ഹോയിസ്റ്റ് ട്രോളിയാണെന്നും മെഡിക്കൽ കോളജ് വ്യക്തമാക്കി.

ഇലക്ട്രിക്കൽ എന്‍ജിനീയറെത്തി ലിഫ്റ്റ് പരിശോധിച്ചപ്പോൾ തകരാറുകളൊന്നും കണ്ടെത്തിയില്ലെന്നും ആശുപത്രി പറയുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ ജ്യോതി ലിഫ്റ്റ് ഉപയോഗിച്ചതാകാം അപകടത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

A 50-year-old hospital staff member, Jyoti Shivaji Ahire, sustained severe head injuries after getting stuck in a surgical equipment lift at Dr. Vasantrao Pawar Medical College in Nashik. CCTV footage showed the victim leaning against the hoist when it moved suddenly. While the victim's son filed a negligence case against the hospital, the management claimed it was a technical hoist not meant for passengers and blamed non-compliance with safety guidelines for the accident.