ഉപേക്ഷിച്ച വളര്‍ത്തു നായ ഉടമയുടെ കാറിന് പിന്നാലെ ഓടിയത് രണ്ടു കിലോമീറ്ററോളം. ഹരിയാനയിലെ ഫരീദബാദിലെ തിരക്കുള്ള റോഡിലാണ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ എക്സ് അക്കൗണ്ടില്‍ പ്രചരിക്കുന്നുണ്ട്. സ്കൂട്ടറില്‍ സഞ്ചരിക്കുന്ന യുവതിയാണ് വിഡിയോ ചിത്രീകരിച്ചത്.
വതിഷ് ശര്‍മ എന്ന എക്സ് അക്കൗണ്ടാണ് വിഡിയോ പങ്കുവച്ചത്. ഫരീദാബാദില്‍ ക്യുആര്‍ജി ആശുപത്രിക്ക് സമീപം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവമെന്ന് കുറിപ്പിലുണ്ട്. തിരക്കുള്ള റോഡില്‍ ഗ്രേ കളര്‍ കാറിന് പിന്നാലെ നായ ഓടുന്നത് ദൃശ്യങ്ങളിലുണ്ട്. കാറിന്‍റെ രജിസ്ട്രേഷന്‍ നമ്പറടക്കം വിഡിയോയില്‍ കാണാം.
പാവം നായ 2 കിലോമീറ്ററിലധികം കാറിനെ പിന്തുടരുന്നുവെന്നും എന്നാൽ കാർ ഡ്രൈവർ കാർ നിർത്തുന്നില്ലെന്നും വീഡിയോ റെക്കോർഡുചെയ്യുന്ന സ്ത്രീ വീഡിയോയിൽ പറയുന്നുണ്ട്. റോഡിലൂടെ ഓടുന്നതിനിടയിൽ നായ കുരയ്ക്കുന്നുണ്ടെന്നും വാഹന ഉടമ വാഹനം നിർത്തുന്നില്ലെന്നും വിഡിയോയല്‍ പറയുന്നുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും നായ വാഹനമിടിച്ച് മരിക്കാനോ തെരുവ് നായ്ക്കൾ ആക്രമിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.