image Credit: X/India Today
പാമ്പിനെപ്പോലും തോല്‍പ്പിക്കുന്ന വളവിലും തിരിവിലും പാലമുണ്ടാക്കി വച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ എന്‍ജിനീയര്‍മാര്‍. അങ്ങേയറ്റം അപകടം പിടിച്ച രൂപകല്‍പ്പനയെ തുടര്‍ന്ന് എട്ടുമണിക്കൂറിനിടെ രണ്ട് അപകടമാണ് ഭോപ്പാലിലെ സുഭാഷ് നഗര്‍ റയില്‍വേ മേല്‍പ്പാലത്തിലുണ്ടായത്. 40 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച പാലം പ്രഭാത് പെട്രോള്‍ പമ്പിനെയും മെയ്ഡ മില്ലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ്. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്താനും യാത്രക്കാര്‍ ആശ്രയിക്കുന്നതും ഈ പാലത്തെയാണ്. നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം പാലമുണ്ടാക്കി വയ്ക്കുന്ന ദുരന്തങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍.
പാലത്തിലെ കൊടും വളവുകളില്‍ വാഹനത്തിന്‍റെ നിയന്ത്രണം വിട്ടതോടെയാണ് രണ്ട് അപകടങ്ങളും ഇന്നലെയുണ്ടായത്. അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറില്‍ ഇടിച്ച് കാര്‍ മറിഞ്ഞാണ് ഒരു അപകടം ഉണ്ടായത്. അതേ ഡിവൈഡറില്‍ തന്നെ ഇടിച്ച് സ്കൂള്‍ ബസ് മറിഞ്ഞായിരുന്നു രണ്ടാമത്തെ അപകടം. ഭാഗ്യം കൊണ്ടുമാത്രമാണ് രണ്ട് അപകടങ്ങളിലും ആള്‍നാശമുണ്ടാകാതിരുന്നത്.
നിമിഷങ്ങള്‍ക്കകം തിരിയേണ്ടി വരുന്ന ഇടംവലം വളവുകളാണ് പ്രധാന വില്ലന്‍. ദ്രുതഗതിയില്‍ വാഹനങ്ങള്‍ വെട്ടിക്കേണ്ടി വരുമ്പോള്‍ അപകടസാധ്യതയുമേറെയാണ്. വളവിന് തൊട്ടുപിന്നാലെയാണ് മെയ്ഡ മില്‍ ഭാഗത്ത് ഡിവൈഡര്‍ സ്ഥാപിച്ചിരിക്കുന്നത്. വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങള്‍ ഡിവൈഡര്‍ കാണുമ്പോള്‍ പെട്ടെന്ന് തിരിയാനാവാതെ അപകടത്തില്‍പ്പെടുകയാണ് പതിവ്. മാത്രവുമല്ല, ഡിവൈഡറിന് ഉയരം തീര്‍ത്തും കുറവായതിനാല്‍ റോഡുകള്‍ തമ്മിലുള്ള വേര്‍തിരിവ് മനസിലാക്കാനും കഴിയുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മതിയായ സ്ഥലം ഏറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാലമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്നും ഇത്തരം രൂപകല്‍പ്പനകള്‍ ആളുകളുടെ ജീവന്‍ അപഹരിക്കാന്‍ പോന്നതാണെന്നും വിദഗ്ധ എന്‍ജിനീയര്‍മാര്‍ പറയുന്നു.