മരിച്ച രജിത്ത്,. അംബിക
കിളിമാനൂരില്‍ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ മരിച്ചതില്‍ ജീപ്പ് ഓടിച്ചിരുന്ന വള്ളക്കടവ് സ്വദേശി വിഷ്ണുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. അപകടത്തിന് പിന്നാലെ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ദമ്പതികളുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കനത്ത സാഹചര്യത്തില്‍ വിഷ്ണുവിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയായിരുന്നു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച വിഷ്ണുവിനെ പൊലീസ് തെരയുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല.
ഈ മാസം 3 ന് കിളിമാനൂർ പാപ്പാലയിലായിരുന്നു അപകടം. കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രജിത്തും ഭാര്യ അംബികയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ജീപ്പ് ഇടിയ്ക്കുകയായിരുന്നു. അപകടശേഷം രക്ഷപെടാന്‍ ശ്രമിച്ച ജീപ്പ് ഡ്രൈവര്‍ അംബികയുടെ തലയിലൂടെ വാഹനം കയറ്റിയിറക്കി. തുടര്‍ന്ന് പോസ്റ്റിലിടിച്ചു. വീണ്ടും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന വാഹന ഉടമ വളളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസിനു കൈമാറിയെങ്കിലും ജാമ്യത്തില്‍ വിടുകയായിരുന്നു. അപകടത്തില്‍ ചികില്‍സയിലിരിക്കെ അംബിക ജനുവരി ഏഴിനും രജിത്ത് കഴിഞ്ഞ ഇരുപതിനും മരിച്ചു.
ദമ്പതികളെ ഇടിച്ചിട്ട വാഹനത്തിനുള്ളിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കമെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ പരാതി. കേസില്‍ അന്വേഷണത്തിലെ വീഴ്ച കണക്കിലെടുത്ത് കിളിമാനൂര്‍ ഇന്‍സ്പെക്ടര്‍ ഒ.ബി.ജയന്‍, എസ്.ഐ അരുണ്‍, ഗ്രേഡ് എസ്.ഐ ഷജിം എന്നിവരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. കിളിമാനൂർ എസ്എച്ച്ഒ ബി.ജയൻ, എസ്.ഐ.മാരായ അരുൺ, ഷജിം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍ മുഖ്യപ്രതിയായ വിഷ്ണുവിന്റെ സുഹൃത്ത് ആദര്‍ശിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ആദര്‍ശ് ആയിരുന്നു.