വൈപ്പിനിൽ സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മയ്ക്കും മകൾക്കും പരുക്കേറ്റു. എടവനക്കാട് സ്വദേശിനിയായ നദീറ മൊയ്തു, മകൾ നദീമ എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അപകടമുണ്ടാക്കിയ തെലങ്കാന രജിസ്ട്രേഷൻ കാർ നിർത്താതെ പോയി. ബുധനാഴ്ച ഉച്ചയ്ക്ക് 12:42-ഓടെയാണ് സംഭവം നടന്നത്.
നദീമ ഓടിച്ചിരുന്ന സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താൻ തയ്യാറാകാതെ കാർ ഓടിച്ചുപോയി. പരുക്കേറ്റ നദീറയെയും നദീമയെയും ഉടൻതന്നെ നാട്ടുകാർ ചേർന്ന് കുഴുപ്പുള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഇടിച്ച വാഹനം തെലങ്കാന രജിസ്ട്രേഷനിലുള്ളതാണെന്ന് വ്യക്തമായത്. ഹൈദരാബാദിൽ നിന്നുള്ള വാഹനമാണിതെന്നാണ് പ്രാഥമിക നിഗമനം.