Image Credit:Gemini

Image Credit:Gemini

കര്‍ണാടകയിലെ ഹാസനില്‍ ഹൃദയാഘാതം വന്ന് ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം കണ്ട് അമ്പരന്നിരിക്കുകയാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ 40 ദിവസത്തിനിടെ ഹാസനില്‍ മാത്രം 22 പേരാണ് ഹൃദയാഘാതം വന്ന് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും 45 വയസില്‍ താഴെ പ്രായമുള്ളവരാണെന്നാണ് നടുക്കുന്ന റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളും, വീട്ടമ്മമാരും, അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം മരിച്ചവരുടെ പട്ടികയില്‍ ഉണ്ട്.

ജൂണ്‍ 30ന് നാലുപേരാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞ് വീണുമാണ് ബേലുരിലെ വീട്ടമ്മയായ ലേപാക്ഷി മരിച്ചത്. ഇംഗ്ലിഷ് പ്രഫസറായ മുത്തയ്യയ്ക്ക് ചായ കുടിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്.  22 മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ അഞ്ചുപേര്‍ 19 നും 22നും ഇടയില്‍ പ്രായമുള്ളവരാണ്. എട്ടുപേര്‍ 25നും 45 നും ഇടയില്‍ പ്രായമുള്ളവരുമാണെന്നും ചുരുക്കം പേര്‍ മാത്രമേ അറുപത് വയസിന് മേല്‍ പ്രായമുള്ളവരുള്ളൂവെന്നതും ആശങ്കയേറ്റുന്നു. 

നാട് നടുങ്ങിയ മരണങ്ങളില്‍ ഹാസന്‍ ഭരണകൂടം അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദഗ്ധ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.  ഞെട്ടിക്കുന്നതാണ് ഹാസനിലെ വാര്‍ത്തയെന്നും സര്‍ക്കാര്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. ഡോ.സി.എന്‍ മഞ്ജുനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗദ്ധ സമിതിയെ പഠനത്തിനായി നിയോഗിച്ചതായും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഹാസനിലെ മരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ഉടനടി ചികില്‍സ തേടണമെന്നും സിദ്ധരാമയ്യ നിര്‍ദ്ദേശിച്ചു. 

ENGLISH SUMMARY:

Doctors in Hassan, Karnataka, are alarmed by a surge in heart attack deaths, with 22 fatalities in the past 40 days. Most victims are under 45, including students, homemakers, teachers, and government employees, with five deaths among 19-22 year olds, raising serious concerns.