india-bhopal

TOPICS COVERED

 സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്ന സംശയത്താല്‍ ലിവ്–ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തി രണ്ടു ദിവസം കൂടെക്കിടന്ന് യുവാവ്. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം. 29കാരിയായ റിതിക സെന്നിനെയാണ് 32കാരനായ സച്ചിന്‍ രാജ്പുത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റിതികയ്ക്ക് ബോസുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

മൂന്നര വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു സച്ചിന്‍ രാജ്പുതും റിതിക സെന്നും. സച്ചിന് ജോലിയില്ലാത്തത് ഇരുവര്‍ക്കുമിടെയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെയിലാണ് ബോസുമായി റിതികയ്ക്ക് ബന്ധമുണ്ടോയെന്ന സംശയം കൂടി സച്ചിനുണ്ടാവുന്നത്. ജൂണ്‍ 27ന് ഇരുവര്‍ക്കുമിടെയില്‍ തര്‍ക്കം ഉടലെടുക്കുകയും പിന്നാലെ സച്ചിന്‍ റിതികയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിനു ശേഷം റിതികയുടെ മൃതദേഹം കമ്പിളിഷീറ്റില്‍ പൊതിഞ്ഞ് കട്ടിലില്‍ കിടത്തി ഇയാള്‍ രണ്ടു രാത്രി കൂടെക്കിടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

പേടിയും ആശങ്കയും കൂടി ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച്ച സുഹൃത്തിനെ വിളിച്ചു കുറ്റസമ്മതം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും സച്ചിന്‍ ആവര്‍ത്തിച്ചു പറഞ്ഞതോടെ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബജാരിയ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുമ്പോഴും കട്ടിലില്‍ കമ്പിളിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

വിദിഷയിലെ സിരോഞ്ച് സ്വദേശിയായ സച്ചിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. 9മാസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ഗായത്രിനഗറിലേക്ക് താമസം മാറ്റിയത്. ജോലിയില്ലാത്ത സാഹചര്യവും കടുത്ത സംശയവുമാണ് സച്ചിനും റിതികയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ബജാരിയ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ശില്‍പ കൗരവ് പറയുന്നു. സച്ചിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലക്കുറ്റം ചുമത്തി.

ENGLISH SUMMARY:

Man kills live-in partner suspecting affair with colleague; stays with body for two days. The incident took place in Gayatri Nagar, Bhopal. 32-year-old Sachin Rajput strangled 29-year-old Ritika Sen to death. Ritika, who worked in a private company, was allegedly suspected by Sachin of having an affair with her boss, which is believed to have led to the murder.