24 ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ സ്കൂളില്‍ നടത്തിയ ലൈംഗികാവബോധവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ ഗണിതശാസ്ത്രം അധ്യാപകനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകനെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പോക്സോ കുറ്റമുള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തു.
ഹിമാചല്‍ പ്രദേശിലെ സിര്‍മോര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. എട്ട് മുതല്‍ പത്താംക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തിയ ശിക്ഷാ സംവാദ് പരിപാടിക്കിടെയാണ് കുട്ടികള്‍ ദുരനുഭവം തുറന്നുപറഞ്ഞത്. അധ്യാപകന്‍ മോശം രീതിയില്‍ പെരുമാറിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് കുട്ടികള്‍ എഴുതി നല്‍കിയ പരാതിയിലുള്ളത്.
സ്കൂളില്‍വച്ചുണ്ടായ കുട്ടികളുടെ ദുരനുഭവത്തെക്കുറിച്ച് രക്ഷിതാക്കള്‍ പോലും അറിഞ്ഞില്ല. സംഭവം അറിഞ്ഞതോടെ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധം നടത്തി. പ്രാഥമികനടപടിയുടെ ഭാഗമായി അധ്യാപകനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഡപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു.