റിയല്‍ എസ്റ്റേറ്റ് വ്യാപാരിയും ഭാര്യയും മകനും കാറില്‍ മരിച്ച നിലയില്‍. പഞ്ചാബിലെ പട്യാല ജില്ലയിലാണ് സംഭവം. പ്രാഥമികമായി ആത്മഹത്യയാണെന്ന് തോന്നുമെങ്കിലും സമഗ്രമായ അന്വഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മഞ്ജിത് സിങ് പറഞ്ഞു. ടെപ്ല ബനൂരിലെ ദേശീയപാതയോരത്താണ് എസ്‌യുവിയില്‍ കുടുബത്തെ മരിച്ച നിലയില്‍ കണ്ടത്.
45കാരനായ സന്ദീപ് സിങ് രാജ്പാല്‍, ഭാര്യ മന്ദീപ് കൗര്‍(42) , 15കാരനായ മകന്‍ അഭയ് സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കാറില്‍ കണ്ടെത്തിയത്. വെടിയേറ്റാണ് മരണം, ദമ്പതികള്‍ മുന്‍വശത്തും മകന്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്. കാബിനിലെ പ്ലാസ്റ്റിക്കുകളിലെല്ലാം രക്തം ചിതറിത്തെറിച്ച അവസ്ഥയിലാണ്. ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ കണ്ട് സംശയം തോന്നിയ പാടത്തു പണിയെടുക്കുന്ന തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കാറില്‍ നിന്നും ഒരു ഹാന്‍ഡ്ഗണും കണ്ടെത്തിയിട്ടുണ്ട്.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള മകനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം സന്ദീപ് സിങ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി മൊഹാലിയാണ് കുടുംബം താമസിക്കുന്നത്.