ഹരിയാനയില്‍ മറിഞ്ഞ കാറിന് സമീപം കണ്ടെത്തിയ മോഡല്‍ ശീതള്‍ മരിച്ചത് അപകടത്തിലല്ലെന്ന് പൊലീസ് . ശീതളിനെ കാമുകന്‍ സുനില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു . കൊലപാതകത്തിന് ശേഷം അതൊരപകട മരണമാക്കി മാറ്റാന്‍ സുനില്‍ ശ്രമിച്ചതാണെന്നും ഹരിയാന പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശീതളിന്‍റെ കാര്‍ സോനിപത്തിനു സമീപം കര്‍ക്കോണ്ടയില്‍ കനാലിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒരു ദിവസത്തെ പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി ഇസ്രാന സ്വദേശി സുനില്‍ കുറ്റം സമ്മതിച്ചു.
ഹരിയാന മ്യൂസിക് മേഖലയില്‍ ജോലി ചെയ്യുന്ന ശീതളും സുനിലും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്താണ് സുനില്‍ വിവാഹിതനാണെന്ന വിവരം ശീതള്‍ അറിഞ്ഞത്. വിവാഹിതനാണെന്നു മാത്രമല്ല രണ്ടു കുഞ്ഞുങ്ങളുടെ പിതാവും കൂടിയായിരുന്നു സുനില്‍. ഇതേച്ചൊല്ലി കടുത്ത തര്‍ക്കം ഇരുവര്‍ക്കുമിടെയില്‍ ഉടലെടുത്തു. തുടര്‍ന്നാണ് സുനില്‍ ശീതളിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതിനു ശേഷം അന്വേഷണം വഴി തെറ്റിക്കാനായാണ് കാര്‍ കനാലിലേക്ക് തള്ളിയിട്ടത്.
ജൂണ്‍ 14നാണ് മോഡല്‍ ശീതളിനെ കാണാതായത്. തുടര്‍ന്ന് കുടുംബം മറ്റ്‌ലോഡ പൊലീസില്‍ പരാതി നല്‍കി. കാറില്‍ സുനിലിനൊപ്പം ശീതള്‍ യാത്ര ചെയ്തെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു. തുടര്‍ന്നാണ് സുനിലിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. ശീതളും നാലു സഹോദരങ്ങളും പാനിപ്പറ്റിലെ സത്കര്‍ദാര്‍ കോളനിയിലാണ് താമസിച്ചിരുന്നത്. പതിനാലാം തിയ്യതി ഷൂട്ടിനായി അഹറിലേക്കുപോയ ശീതളിനെ കാണാതായെന്നായിരുന്നു സഹോദരി നല്‍കിയ പൊലീസിനു നല്‍കിയ പരാതി.
ഇന്നലെ രാവിലെയാണ് ശീതളിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. സുനിലിനെ അറസ്റ്റ് ചെയ്ത് കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്തു. കുറ്റം സമ്മതിച്ച സുനില്‍ കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.