delhi-murder

യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന സതേന്ദ്ര യാദവാണ് പിടിയിലായത്. സംശയത്തെ തുടര്‍ന്നാണ് പ്രതി 27 കാരി നിലേഷിനെ കഴുത്ത് ഞെരിച്ചു കൊന്ന് സ്യൂട്ട്കേസിലാക്കിയത്.  പ്രതിയുടെ കയ്യില്‍ നിന്നും കൊല്ലപ്പെട്ട നീലേഷിന്‍റെ ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി. 

മേയ് 30നാണ് ഹപൂര്‍ ജില്ലയിലെ സിഖേധ ഗ്രാമത്തിലെ കനാലില്‍ സ്യൂട്ട്കേസിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയിലാണ് ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശി നിലേഷിന്‍റെതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്. 

കൊല്ലപ്പെട്ട നിലേഷും പ്രതി സതേന്ദ്രയും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയത്തിലായിരുന്ന സമയത്ത് നിലേഷ് കാമുകന് 5.25 ലക്ഷം രൂപ കാര്‍ വാങ്ങാന്‍ കടം നല്‍കിയിരുന്നു. പിന്നീട് സതേന്ദ്ര ജോലി ലഭിച്ച് പാട്യാലയിലേക്ക് പോയെതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. 

നിലേഷിനെ ഫോണ്‍ ചെയ്യുമ്പോള്‍ തിരിക്കിലാണെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്നും പ്രതി സംശയിച്ചു. ഫോണ്‍ ലോക്ക് ചെയ്തതും സംശയത്തിന് കാരണമായി. മേയ് 28 ന് നിലേഷ്  സതേന്ദ്രയുടെ  മുറിയിലെത്തി കടം നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടു. ഇതിന്‍റെ ദേഷ്യത്തില്‍ സതേന്ദ്ര ഷാള്‍ കഴുത്തില്‍ മുറുക്കി  കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മുറിയില്‍ തന്നെ സൂക്ഷിച്ച സ്യൂട്ട്കേസിലാക്കി സിഖേദ കനാലില്‍ തള്ളുകയായിരുന്നു. കൊലപാകത്തിന് ഉപയോഗിച്ച കാറും ബാങ്ക് വിവരങ്ങളും മൊബൈല്‍ ഫോണും പ്രതിയില്‍ നിന്നും കണ്ടെത്തി. 

ENGLISH SUMMARY:

In a shocking crime, Delhi police arrested Satendra Yadav, an employee at a private real estate firm, for murdering his 27-year-old girlfriend Nilesha. He allegedly strangled her to death over suspicion, placed the body in a suitcase, and dumped it. Authorities recovered her bank passbook, Aadhaar card, and phone from the accused.