എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ജയ്പൂരില്‍ പിതാവിന്‍റെ കടയിൽ ഉച്ചഭക്ഷണം എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 16 വയസ്സുള്ള ആൺകുട്ടിയെ കാണാതായി. പിന്നാവെ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ സൈക്കിള്‍ കണ്ടെടുത്തു. എന്നാല്‍ സൈക്കിളില്‍ ‘നിങ്ങളുടെ മകൻ മരിച്ചു. മൃതദേഹം 7.30 ന് കണ്ടെത്തും’ എന്ന കുറിപ്പും ഉണ്ടായിരുന്നു. ദൗസയിലെ മെഹന്ദിപൂർ ബാലാജി ടൗണിൽ ഞായറാഴ്ചയാണ് സംഭവം. അതേസമയം പത്താം ക്ലാസ് പരീക്ഷാഫലത്തിൽ അസ്വസ്ഥനായ കുട്ടി ഒരു തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്തതാകാനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... മെഹന്ദിപൂർ ബാലാജിയിലെ ഉദയ്പുര റോഡിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ഉച്ചയ്ക്ക് ജോലി സ്ഥലത്തുള്ള അച്ഛന് ഭക്ഷണം നല്‍കാന്‍ സൈക്കിളില്‍ പുറപ്പെട്ടതാണ് ശിവം എന്ന പത്താംക്ലാസുകാരന്‍. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് കട. എന്നാല്‍ തിരിച്ചുവരേണ്ട സമയമായിട്ടും ശിവം തിരിച്ചെത്തിയില്ല. തുടര്‍‌ന്നാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് കടയിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെ കുട്ടിയുടെ സൈക്കിള്‍ കണ്ടെത്തുകയായിരുന്നു. ചുവപ്പ് മഷി ഉപയോഗിച്ച് കുട്ടിയുടെ കൈപ്പടയിൽ എഴുതിയ കുറിപ്പും സമീപത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ കൈയ്യക്ഷരമാണോ എന്ന് ‌ നോട്ട്ബുക്കുകളിലെ കൈയ്യക്ഷരവുമായി  പൊലീസ് താരതമ്യം ചെയ്തു നോക്കി.

സംഭവത്തില്‍ മെഹന്ദിപൂർ ബാലാജി പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടി മെഹന്ദിപൂർ ബാലാജി ടാക്സി സ്റ്റാൻഡിൽ ഒറ്റയ്ക്ക് നടന്ന് ചെല്ലുന്നതും ടാക്സിയിൽ കയറുന്നതും വ്യക്തമായിട്ടുണ്ട്. ബണ്ടികുയി റെയിൽവേ സ്റ്റേഷനിൽ കുട്ടി നില്‍ക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കുട്ടി ട്രെയിനില്‍ കയറി പോയിരിക്കാനാണ് സാധ്യത എന്നാണ് പൊലീസിന്‍റെ അനുമാനം.

മെഹന്ദിപൂർ ബാലാജിയിലെ സർക്കാർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ശിവം. അടുത്തിടെ പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു. പരീക്ഷയില്‍ തനിക്ക് 80% മാര്‍ക്കെങ്കിലും സ്കോര്‍ ചെയ്യാന്‍ കഴിയുമെന്ന് കുട്ടി മാതാപിതാക്കള്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ 65% മാത്രമേ കുട്ടിക്ക് നേടാനായുള്ളൂ. ഇക്കാര്യത്തില്‍ കുട്ടി അസ്വസ്ഥനായിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. ഇതിന്‍റെ വിഷമത്തില്‍ കുട്ടി മാറി നില്‍ക്കുന്നതാകാം എന്നാണ് കരുതുന്നത്. സംഭവത്തില്‍ ‌ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടതിനാല്‍, റെയില്‍വേ പൊലീസും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.

ENGLISH SUMMARY:

In a strange turn of events in Mehandipur Balaji, Rajasthan, 16-year-old Shivam went missing after delivering lunch to his father's shop. His bicycle was later found with a note stating, "Your son is dead. The body will be found at 7:30." However, CCTV footage shows the boy walking alone and boarding a taxi, later seen at a railway station. Police suspect that Shivam, upset over scoring 65% instead of the expected 80% in his Class 10 exams, staged a kidnapping drama. Handwriting on the note is being compared with his school notebooks to confirm suspicions. Investigations are ongoing.