വ്യത്യസ്ഥ കൊലപാതകക്കേസുകളില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ വിവാഹിതരാകുന്നു. വധുവായ പ്രിയ സേഠ് (31) ജയ്പൂര്‍ ടിന്‍ഡര്‍–സ്യൂട്ട്കേസ് കൊലക്കേസിലും , വരന്‍ ഹനുമാന്‍ പ്രസാദ് (29) കാമുകിയുടെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലുമാണ് ശിക്ഷയനുഭവിക്കുന്നത് .
ജയിലിലായ ശേഷമാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് രണ്ടുപേര്‍ക്കും വിവാഹം കഴിക്കുന്നതിനായി രാജസ്ഥാന്‍ ഹൈക്കോടതി 15 ദിവസത്തെ പരോള്‍ അനുവദിച്ചു. റിപ്പോര്‍ട്ടുകളനുസരിച്ച് വരന്‍റെ ജന്മനാടായ ആൽവാർ ജില്ലയിലെ ബറോഡമിയോയിലാണ് ഇരുവരുടെയും വിവാഹം. ആറ് മാസം മുമ്പ് ജയ്പൂരിലെ സംഗാനര്‍ ഓപ്പണ്‍ ജയിലിലാണ് ഇരുവരും കണ്ടുമുട്ടിയത്.
2018ലാണ് പ്രിയ സേഠ് കൊലക്കേസില്‍ പ്രതിയാകുന്നത്. നാട്ടുകാരനായ ദിക്ഷാന്ത് കമ്ര എന്നയാളുമായി പ്രിയ പ്രണയത്തിലായിരുന്നു. കടക്കെണിയിലായിരുന്ന ദിഷാന്തിനെ സഹായിക്കനായി പ്രിയ പണക്കാരനായ ദുഷ്യന്ത് ശര്‍മയുമായി അടുപ്പത്തിലായി. ഡേറ്റിങ് ആപ്പായ ടിന്‍ഡറിലുടെയാണ് ദുഷ്യന്തിനെ പരിചയപ്പെടുന്നത് .
ഒരുദിവസം ബജാജ് നഗറിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ പ്രിയ ദിഷാന്തിന്‍റെ സഹായത്തോടെ ദുഷ്യന്തിനെ തടഞ്ഞുവയ്ക്കുയും പിതാവിനോട് 10ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം 3ലക്ഷം രൂപ നല്‍കി. ദുഷ്യന്തിനെ വിട്ടയച്ചാല്‍ പിടിയിലകുമെന്ന കരുതിയ പ്രിയയും ദിഷാന്തും ചേര്‍ന്ന് അയാളെ കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസില്‍ ഒളിപ്പിക്കുകയും ചെയ്തു . ഈ കേസിലാണ് പ്രിയയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തന്നേക്കാള്‍ പത്ത് വയസുകൂടുതലുള്ള കാമുകി സന്തോഷിന്‍റെ നിര്‍ദേശപ്രകാരം അവരുടെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തിയതിനാണ് ഹനുമാന്‍ പ്രസാദ് അറസ്റ്റിലായത്. 2017 ഒക്ടോബര്‍ 2 ന് രാത്രി, ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ സന്തോഷ് തന്നെയാണ് ഹനുമാന്‍ പ്രസാദിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
ഹനുമാന്‍ പ്രസാദ് തന്‍റെ സുഹൃത്തിനൊപ്പമെത്തിയാണ് സന്തോഷിന്‍റെ ഭര്‍ത്താവ് ബന്‍വാരിലാലിനെ കൊലപ്പെടുത്തിയത് .അവരോടൊപ്പം താമസിച്ചിരുന്ന അനന്തരവന്‍ യാദൃശ്ചികമായി ഈ കൊലപാതകത്തിന് സാക്ഷിയായി. പിടയിലാകുമെന്നസംശയത്തില്‍ അനന്തരവനെയും 3 മക്കളെയും കൂടി ഹനുമാനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. കൂട്ടക്കൊലക്കേസില്‍ പിടിയിലായ ഹനുമാന്‍ പ്രസാദിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു
ഹനുമാന്‍റെയും പ്രിയയുടെയും വിവാഹത്തിന് കോടതി പരോള്‍ അനുവദിച്ചെങ്കിലും പ്രതിഷേധം പുകയുകയാണ്. കൊല്ലപ്പെട്ട ദുഷ്യന്ത് ശര്‍മ്മയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.