എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഹൈദരാബാദില്‍ ഗര്‍ഭിണിയായ ഭാര്യ മരിച്ചതിന്‍റെ തൊട്ടടുത്ത ദിവസം വിഷമം താങ്ങാനാകാതെ ജീവനൊടുക്കി യുവാവ്. ശനിയാഴ്ച കാമറെഡ്ഡി ജില്ലയിലെ ബിച്കുണ്ടയിലാണ് മുപ്പത് വയസുകാരന്‍ സുനില്‍ ആത്മഹത്യ ചെയ്തത്. സുനിലിന്‍റെ ഭാര്യ ജോത്യ തൊട്ടുമുന്‍പത്തെ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ജ്യോതി മരണപ്പെടുന്നത്. സുനിലും ഭാര്യ ജ്യോതിയും ബിച്ച്കുണ്ടയിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. അബദ്ധത്തില്‍ ജ്യോതി ബൈക്കില്‍ നിന്ന് റോഡില്‍ വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. നാട്ടുകാർ ഉടൻ തന്നെ ആംബുലൻസില്‍ ജ്യോതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതി വഴിമധ്യേ മരിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജ്യോതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മുതല്‍ സുനില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ശുചിമുറിയില്‍ പോയി കുറച്ചു സമയത്തിന് ശേഷം തിരിച്ചെത്തി. എന്നാല്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ സുനിലിനെ കുടുംബം ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് സുനിലിന്‍റെ മരണം.
പത്ത് ദിവസം മുന്‍പ് കുഞ്ഞ് ജനിക്കാന്‍ പോകുന്നതിന്‍റെ സന്തോഷത്തില്‍ കുടുംബം ഒരു ആഘോഷം സംഘടിപ്പിച്ചിരുന്നു. ജ്യോതിയുടെ വീട്ടില്‍പോയി ശേഷം ഇരുവരും താമസിച്ചിരുന്ന ബിച്കുണ്ടയിലേക്ക് തിരികെ മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. അതേസമയം അമിത വേഗതയാണോ ജ്യോതിയുടെ മരണത്തിനടയാക്കിയ അപകടത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.