Image: PTI
ചെന്നൈയിലെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ 30 പേരുമായി പ്രവര്‍ത്തിക്കുകയായിരുന്നു റൈഡ് 50 അടി ഉയരത്തില്‍ വച്ച് പ്രവര്‍ത്തനം നിലച്ചു. ചെന്നൈയ്ക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഒരു തീം പാര്‍ക്കില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സാങ്കേതിക കാരണങ്ങളാല്‍ റൈഡ് പ്രവര്‍ത്തനം നിലച്ചതോടെ ഭീതി സൃഷ്ടിച്ചത്. ഒടുവില്‍ 30 പേരെയും സ്കൈ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു.
‘ടോപ്പ് ഗൺ’ എന്ന് പേരിട്ടിരിക്കുന്ന റൈഡാണ് സന്ദര്‍ശകരുമായി 50 അടി ഉയരത്തില്‍ പ്രവര്‍ത്തനം നിലച്ചത്. പിന്നാലെ എന്‍ജിനുകളിൽ ഒന്നിൽ നിന്ന് വലിയ ശബ്ദം ഉയരുകയും ചെയ്തു. പരിഭ്രാന്തരായ ആളുകള്‍ നിലവിളിക്കാനും ആരംഭിച്ചു. ഒടുവില്‍ അഗ്നിശമന സേനയെത്തി മൂന്ന് മണിക്കൂറിന് ശേഷമാണ് ആളുകളെ താഴെയെത്തിക്കുന്നത്. അഗ്നിശമനസേനയും പൊലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തില്‍ ഗോവണി ഉപയോഗിച്ച് ആളുകളെ താഴെയിറക്കാനായിരുന്നു ആദ്യം ശ്രമം. എന്നാല്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടർന്ന് സ്കൈ ലിഫ്റ്റ് ചെയ്ത് ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു.
അതേസമയം, റൈഡ് നിശ്ചലമായി രണ്ട് മണിക്കൂറോളം തങ്ങള്‍ക്ക് സഹായം ലഭിച്ചില്ലെന്ന് റൈഡിലുണ്ടായിരുന്ന ഒരു സ്ത്രീ പിടിഐയോട് പറഞ്ഞു. ഭയന്നുപോയ മറ്റൊരാള്‍ മൊബൈലില്‍ വിളിച്ച് പൊലീസിന്‍റെ സഹായം അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. സാങ്കേതിക തകരാറുമൂലമാണ് റൈഡ് നിശ്ചലമായതെന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറയുന്നത്.