Image: X, @esakkirajadevar
ചെന്നൈ അഡയാറില്‍ ഭര്‍ത്താവിനും മകനുമൊപ്പം കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹവും കണ്ടെത്തി. പെരുങ്കുടി മാലിന്യ സംഭരണ കേന്ദത്തില്‍ നിന്നാണ് 21കാരി മിനുകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഗൗരവിന്റേയും മകന്റേയും മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
മിനുകുമാരിയുടെ മൃതദേഹത്തിനു മുകളില്‍ ഏകദേശം 500ലോഡ് മാലിന്യം നിറഞ്ഞതിനാല്‍ മൃതദേഹം കണ്ടത്താന്‍ ഏറെ പാടുപെട്ടു. പൊലീസും തൊഴിലാളികളും ട്രക്ക് ഡ്രൈവർമാരുമടങ്ങുന്ന 75 അംഗ സംഘമാണു തിരച്ചില്‍ നടത്തിയത്. ജനുവരി 26നാണ് മിനുകുമാരിയുടെ ഭര്‍ത്താവ് ഗൗരവ് കുമാറും(24) രണ്ടുവയസുകാരനായ മകന്‍ ബിര്‍മാണി കുമാറും കൊല്ലപ്പെട്ടത്. ഗൗരവിന്റ സുഹൃത്തുക്കളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസിനു നേരത്തേ ബോധ്യപ്പെട്ടു. ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളെ നേരിടുന്നതിനിടെയാണ് ഗൗരവും മകനും കൊല്ലപ്പെട്ടത്. ഗൗരവിന്റെ മൃതദേഹം ഇന്ദിരാ നഗറിലെ ഫസ്റ്റ് അവന്യൂ ഭാഗത്തുനിന്നും കുഞ്ഞിന്റെ മൃതദേഹം ബക്കിങ്ഹാം കനാലില്‍ നിന്നുമാണ് കണ്ടെടുത്തത്.
ആദ്യം ഗൗരവ് കുമാറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സുഹൃത്തുക്കള്‍ മിനുകുമാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. രണ്ടുവയസുകാരനെ നിലത്തടിച്ചാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 2 പേർ ഇരുചക്ര വാഹനത്തിൽ ചാക്കുകെട്ടുമായി എത്തുന്നത് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വണ്ടിയുടെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബിഹാർ സ്വദേശികൾ പിടിയിലായത്.
നളന്ദ സ്വദേശികളാണ് ഗൗരവും ഭാര്യയും. നേരത്തേ രണ്ടു വര്‍ഷം തമിഴ്നാട്ടില്‍ ജോലി ചെയ്തിരുന്ന ഗൗരവ് നാട്ടിലേക്ക് പോയി ഒരിടവേളയ്ക്കു ശേഷം ജനുവരി 21നാണ് ജോലി തേടി കുടുംബത്തോടൊപ്പം തിരിച്ചെത്തിയത്. ഗൗരവിന്റെ സുഹൃത്തുക്കളായ ലളിത് പ്രസാദ്, വികാസ് യാദവ്, സത്യേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ഗൗരവ് കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സഹോദരന് കൈമാറി. മിനുകുമാരിയുടേയും കുഞ്ഞിന്റേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസ് അന്വേഷണം തുടരുകയാണ്.