കോഴിക്കോട് മാളിക്കടവിൽ ഒരുമിച്ച് മരിക്കാനായി വിളിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവ്. യുവതി കൊല്ലപ്പെട്ട ദിവസം കൗണ്‍സലര്‍ക്ക് അയച്ച വാട്സാപ് സന്ദേശമാണ് നിര്‍ണായകമായത്. താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാല്‍ ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നും യുവതി സന്ദേശത്തില്‍ പറയുന്നു. യുവതി കൊല്ലപ്പെട്ട ദിവസം രാവിലെയാണ് കൗണ്‍സലര്‍ക്ക് സന്ദേശമയച്ചത്.
സന്ദേശത്തിനൊപ്പം തന്‍റെ ഡയറിയില്‍ നിന്നും ഒരു പേജ് കീറി ഫോട്ടോയെടുത്തും അയച്ചിരുന്നു. പതിനാറാം വയസുമുതല്‍ വൈശാഖന്‍ തന്നെ പീഡിപ്പിക്കുന്ന വിവരം ഉള്‍പ്പെടെ എഴുതിയ കുറിപ്പാണ് അയച്ചുകൊടുത്തത്. നിരന്തരം വിവാഹ അഭ്യർത്ഥന നടത്തിയതിനെത്തുടർന്ന് വൈശാഖനാണ് യുവതിയെ ദിവസങ്ങള്‍ക്ക് മുന്‍പ് കൗൺസലിങ് സെന്ററിൽ എത്തിച്ചത്. ഭാര്യയാണെന്ന് പരിചയപ്പെടുത്തിയാണ് യുവതിയെ എത്തിച്ചതെന്നും കൗൺസലർ പൊലീസിന് മൊഴി നൽകി.
എന്നാല്‍ രണ്ടുദിവസം കഴിഞ്ഞ് താന്‍ വൈശാഖന്‍റെ ഭാര്യയല്ലെന്നും തന്‍റെ അവസ്ഥ വിവരിച്ചും യുവതി കൗണ്‍സലറെ വിളിച്ച് സംസാരിച്ചിരുന്നു. അതേസമയം ഈ സന്ദേശം കൗണ്‍സലര്‍ കാണുന്നത് യുവതി കൊല്ലപ്പെട്ട ദിവസം വൈകിട്ടാണ്. ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് വിവരം കൈമാറുകയായിരുന്നു. വര്‍ഷങ്ങളായി യുവതിയെ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ച വൈശാഖന്‍ വിവാഹിതനായിരുന്നു. യുവതിയെ ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചിരുന്നു.
ഒടുവില്‍ ഒന്നിച്ചു ജീവിക്കാനാവില്ല, ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞാണ് വര്‍ക് ഷോപ്പിലേക്ക് യുവതിയെ വിളിച്ചത്. ഒരുമിച്ച് മരിക്കാന്‍ കയറില്‍ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി. ഇയാള്‍ പിന്നീട് ഭാര്യയെ വിളിച്ച് മൃതദേഹം മാറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.