TOPICS COVERED

ജില്ലാ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ ആലിംഗനം ചെയ്ത വിഡിയോ പ്രചരിച്ചതോടെ കുരുക്കിലായി ബിജെപി ജില്ലാ പ്രസിഡന്‍റ്. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലാ പ്രസിഡന്‍റ് അമര്‍കിഷോര്‍ കശ്യപാണ് വിവാദത്തിലായത്. ഏപ്രില്‍ 12 ന് രാത്രി 9.30 മണിയോടെ പാര്‍ട്ടി പ്രവര്‍ത്തകയ്ക്കൊപ്പം ഓഫീസിലെത്തിയ അധ്യക്ഷന്‍ പടിക്കെട്ടിന് സമീപത്തുവച്ച് പ്രവര്‍ത്തകയെ ആലിംഗനം ചെയ്യുകയായിരുന്നു. 

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അമര്‍കിഷോര്‍ പാര്‍ട്ടി പ്രവര്‍ത്തകയായ സ്ത്രീക്കൊപ്പം സ്വന്തം കാറില്‍ വന്നിറങ്ങുന്നതും പടികെട്ട് കയറി പോകുന്നതിന് മുന്‍പ്  പ്രവര്‍ത്തകയെ ആലിംഗനം ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. വിഡിയോ തന്‍റേതാണെന്ന് പറഞ്ഞ അമര്‍കിഷോര്‍ പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് തലകറക്കം വന്നതോടെ മാനുഷിക പരിഗണനയുടെ ഭാഗമായി സഹായിച്ചതെന്നും വ്യക്തമാക്കി. പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാക്കിയ തിരക്കഥയാണിതെന്നുമാണ് അമറിന്‍റെ വാദം. 

സംഭവത്തില്‍ ബിജെപി പ്രസിഡന്‍റിനെ സംരക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി. തന്നെയും ബിജെപി ജില്ലാ പ്രസിഡന്‍റിനെയും അപകീർത്തിപ്പെടുത്താൻ വീഡിയോ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു എന്നാണ് യുവതി ഛാപിയ പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയില്‍ പറയുന്നത്. അമര്‍കിഷോര്‍ മുതിര്‍ന്ന സഹോദരനെ പോലെയാണെന്നും അദ്ദേഹവുമായി അനുചിതമായ ബന്ധമില്ലെന്നും യുവതി വ്യക്തമാക്കി. 

'ലഖ്നൗവില്‍ നിന്ന് തിരികെ വരുന്നതിനിടെ തലകറക്കം അനുഭവപ്പെട്ടതോടെ അമര്‍കിഷോറിനെ ബന്ധപ്പെട്ടു. സ്റ്റേഷനില്‍ വിളിക്കാനെത്തിയ പാര്‍ട്ടി അധ്യക്ഷനൊപ്പം ബിജെപി ഓഫീസിലെത്തി. ഹൈഹീല്‍ ചെരുപ്പാണ് ധരിച്ചിരുന്നത്. പടി കയറുന്നതിനിടെ ഒരു വശത്തേക്ക് ചരിഞ്ഞെന്നും ഈ സമയത്ത് പിന്നിലുണ്ടായിരുന്ന അമര്‍ വീഴുന്നതില്‍ നിന്നും രക്ഷപ്പെടുത്തി' എന്നാണ് യുവതിയുടെ വാദം. 

സംഭവത്തില്‍ അമര്‍ കിഷോറിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ട്.  അമറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് നാരായണ്‍ ശുക്ല വ്യക്തമാക്കി. 

ENGLISH SUMMARY:

A video showing a BJP district president hugging a woman party worker inside the office has sparked controversy. The woman involved has now responded to the allegations, stating that the visuals are being misinterpreted. The incident has triggered political debates and public reactions.