കട ബാധ്യത വീട്ടാന്‍ മാര്‍ഗമില്ലാതെ വന്നതോടെ ഏഴംഗ കുടുംബം ജീവനൊടുക്കി. ഹരിയാനയിലെ പഞ്ച്കുളയിലാണ് കാറിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പഞ്ച് കുളയിലെ സെക്ടര്‍ 27നിലാണ് സംഭവം. പ്രവീണ്‍ മിത്തല്‍ (42) മാതാപിതാക്കള്‍, ഭാര്യ, രണ്ട് പെണ്‍മക്കളും മകനുമടങ്ങുന്ന കുടുംബമാണ് മരിച്ചത്. 

ബാഗേശ്വര്‍ ധാമില്‍ നടന്ന ആത്മീയ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ചയാണ് ഇവര്‍ ജീവിതം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ പ്രദേശവാസികളാണ് ഇവരെ കാറിനുള്ളില്‍ കിടക്കുന്ന രീതിയില്‍ ആദ്യം കണ്ടെത്തിയത്. പൊലീസില്‍ വിവരമരിയിച്ച് കാര്‍ തുറന്നപ്പോഴേക്കും എല്ലാവരും ബോധരഹിതരായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളിലൊരാളുടെ ഒഴികെ എല്ലാവരുടെയും ജീവന്‍ നഷ്ടമായ നിലയിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വൈകാതെ ചികില്‍സയിലായിരുന്ന കുട്ടിയും മരിച്ചു.

ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം. കാറിനുള്ളില്‍ നിന്നും ഇത് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

In a heartbreaking incident linked to financial distress, a seven-member family was found dead inside a locked car in Panchkula, Haryana. The victims include Praveen Mittal (42), his parents, wife, two daughters, and a son. The family reportedly ended their lives after attending a spiritual event in Bageshwar Dham. Locals discovered the unconscious family members inside the vehicle on Monday morning.