എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ബിഹാറില്‍ വിവാഹ ആഘോഷങ്ങള്‍ക്ക് മോടികൂട്ടാനായി എത്തിയ നൃത്തസംഘം മണ്ഡപത്തിൽ നിന്ന് വരനെ തട്ടിക്കൊണ്ടുപോയി. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വിവാഹ ആഘോഷങ്ങള്‍ക്കായി പണം നല്‍കി ഏര്‍പ്പെടുത്തിയ പരമ്പരാഗത നൃത്ത സംഘമായ ‘ലൗണ്ട നാച്ച് പാർട്ട’യിലെ ഒരു കൂട്ടം ആളുകളാണ് വരനെ തട്ടിക്കൊണ്ടുപോയത്. സംഘം കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തതായി വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആളുകള്‍ പറഞ്ഞു
സംഘം നൃത്തം ചെയ്യുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. പെട്ടെന്ന് പന്ത്രണ്ടോളം വരുന്ന സംഘം വധുവും കുടുംബവും ഉൾപ്പെടെയുള്ള അതിഥികളെ ആക്രമിച്ചു. തങ്ങള്‍ വിവാഹ ചടങ്ങുകളുടെ തിരക്കിലായിരിക്കുമ്പോൾ സംഘം വീട്ടില്‍ കയറി വരനെ മര്‍ദിച്ചുവെന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും വരനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി വധുവിന്റെ അമ്മ വിദ്യാവതി ദേവി പറഞ്ഞു.സ്ത്രീകളെ അടക്കം സംഘം ആക്രമിച്ചതായും വിവാഹാഘോഷത്തിനായി ഒരുക്കിയ മണ്ഡപവും അലങ്കാരങ്ങളും കസേരകളും തകര്‍ത്തതായും പ്രദേശവാസിയായ സുനിൽ കുമാർ പറഞ്ഞു.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇതിനകം വരനുമായി സംഘം കടന്നുകളഞ്ഞിരുന്നു. പിന്നാലെ ഏഴുമണിക്കൂര്‍ നീണ്ടു നിന്ന് പൊലീസിന്‍റെ തിരച്ചിലിനൊടുവിലാണ് സംഘത്തെ കണ്ടെത്തിയതും വരനെ മോചിപ്പിച്ചതും. സാമ്പത്തിക തർക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. അത്താഴത്തിന് ശേഷം അതിഥികൾക്കൊപ്പം നൃത്തം ആസ്വദിക്കുകയായിരുന്നു വരന്‍. ഈ സമയം നർത്തകർ പരിപാടി അവസാനിപ്പിച്ചെങ്കിലും ഇത് അതിഥികളെ പ്രകോപിപ്പിച്ചു. പിന്നാലെ തര്‍ക്കമുണ്ടാകുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.