ബിഹാറിലെ പട്‌നയില്‍ ഗ്രാമത്തിലെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വെടിവയ്പ്പില്‍ പത്ത് വയസ്സുകാരി കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ജമൻപുര ഗ്രാമത്തിലാണ് സംഭവം. പട്‌ന ജില്ലയിലെ സംഗത് പർ ഗ്രാമത്തിൽ താമസിക്കുന്ന പ്രഭു പണ്ഡിറ്റിന്‍റെ മകൾ റിയ കുമാരിയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ദുരന്തമുണ്ടായത്.
അഖിലേഷ് റാം (62) എന്നയാളാണ് തന്റെ ചെറുമകന്റെ ജന്മദിനാഘോഷത്തിനിടെ ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ത്തത്. ഈ വെടിയുണ്ടകളിൽ ഒന്ന് റിയയുടെ തലയിലാണ് തുളച്ചുകയറിയത്. കുട്ടിയെ ഉടൻ തന്നെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതി അഖിലേഷിനെ ഞായറാഴ്ച വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റള്‍ സഹിതം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നാടൻ പിസ്റ്റളുകളും ആറ് ലൈവ് കാട്രിഡ്ജുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 23 ന് ശ്രീകൃഷ്ണപുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പിറന്നാൾ ആഘോഷത്തിനിടെ നടന്ന വെടിവയ്പ്പിൽ 16 വയസ്സുള്ള ഒരു ആൺകുട്ടിയും കൊല്ലപ്പെട്ടിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.